കാക്കനാട്ടെ മാലിന്യ സംസ്കരണം: പ്ലാന്റ് നിർമിക്കാൻ പുതിയ കരാർ

Mail This Article
കാക്കനാട്∙ ഐടി മേഖലയിലേതുൾപ്പെടെ തൃക്കാക്കര നഗരസഭ പരിധിയിലെ ജൈവ മാലിന്യം സംസ്കരിക്കാൻ അത്യാധുനിക പ്ലാന്റ് സ്ഥാപിക്കാനുള്ള നിർമാണ ഏജൻസിയുമായി ഉടൻ കരാർ ഒപ്പു വയ്ക്കും. പ്ലാന്റ് നിർമാണത്തിനായി സമർപ്പിച്ച ടെൻഡറുകളിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെൻഡർ നഗരസഭ കൗൺസിൽ അംഗീകരിച്ചു. നിത്യേനേ 15 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാകും ആദ്യം സ്ഥാപിക്കുക.
5 കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. കലക്ടറേറ്റിനും നഗരസഭയ്ക്കും മധ്യേ ജില്ലാ ഭരണകൂടം അനുവദിച്ച റവന്യു പുറമ്പോക്കിലാണ് പ്ലാന്റ് നിർമിക്കുന്നത്.ടൗണിന്റെ ഹൃദയ ഭാഗമായതിനാൽ ദുർഗന്ധമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത വിധം അത്യാധുനിക സാങ്കേതിക വിദ്യയോടെയുള്ള പ്ലാന്റാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിർമാണം പൂർത്തിയായ ശേഷം പ്ലാന്റ് നടത്തിപ്പു സംബന്ധിച്ചു വിശദമായ പദ്ധതി രേഖ തയാറാക്കും. മാലിന്യ ശേഖരണവും സംസ്കരണവും സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
നഗരസഭാ പരിധിയിലെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിലെ ജൈവ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറുന്ന കാര്യമാണ് ആലോചിക്കുന്നത്.നിലവിൽ മാലിന്യം നീക്കാൻ നഗരസഭ വർഷം തോറും 3 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്. നഗരസഭയ്ക്ക് പണച്ചെലവില്ലാത്ത വിധമുള്ള മാലിന്യ നിർമാർജനം ലക്ഷ്യമിട്ടാണു സ്വകാര്യ ഏജൻസിയെ പരിഗണിക്കുന്നത്.
വീടുകളിലെ മാലിന്യം നിലവിൽ ഹരിതകർമ സേനയാണ് ശേഖരിക്കുന്നത്. ഇവ നഗരസഭയുടെ സംഭരണ കേന്ദ്രത്തിലെത്തിച്ച് അവിടെ നിന്ന് സ്വകാര്യ കമ്പനിക്ക് കൈമാറുന്നതാണ് ഇപ്പോഴത്തെ സംവിധാനം.ജൈവ മാലിന്യം കൊണ്ടുപോകുന്നതിനു കിലോഗ്രാം അടിസ്ഥാനത്തിൽ വൻ തുകയാണ് നഗരസഭ സ്വകാര്യ കമ്പനിക്ക് നൽകുന്നത്.പുതിയ പദ്ധതി നടപ്പായാൽ ഈ തുക നഗരസഭയ്ക്ക് ലാഭിക്കാം. ഹരിതകർമ സേനയ്ക്കു പകരം സ്വകാര്യ കമ്പനിക്ക് നേരിട്ട് വീടുകളിൽ നിന്നു നിരക്ക് ഈടാക്കാൻ അനുമതി നൽകിയാൽ മാലിന്യം ശേഖരിക്കുന്ന വകയിൽ നഗരസഭയിൽ നിന്നു മറ്റൊരു തുക കമ്പനിക്ക് നൽകേണ്ടി വരില്ലത്രേ.
കുടുംബങ്ങൾ ഹരിതകർമ സേനയ്ക്ക് നൽകുന്ന നിരക്കു തന്നെ സ്വകാര്യ കമ്പനിക്ക് നൽകിയാൽ മതിയെന്നതിനാൽ അവർക്കും അധിക ബാധ്യത വരില്ല.സ്വകാര്യ കമ്പനി വരുമ്പോൾ ഹരിതകർമ സേനയ്ക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിവാക്കാൻ അവരെ പൂർണമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യ നിർമാർജന വിഭാഗത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കാര്യക്ഷമമാകുമെന്നും നഗരസഭ വിലയിരുത്തുന്നു.