അഭിഭാഷക– വിദ്യാർഥി തർക്കം: സംഘർഷം ഒഴിവാക്കാൻ ധാരണ; റജിസ്റ്റർ ചെയ്ത കേസുകളുമായി മുന്നോട്ടു പോകും

Mail This Article
കൊച്ചി∙ വെള്ളിയാഴ്ച പുലർച്ചെ അഭിഭാഷകരും മഹാരാജാസ് കോളജ് വിദ്യാർഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു തുടർപ്രകോപനങ്ങളും സംഘർഷവും ഒഴിവാക്കാൻ ധാരണയിലെത്തി അഭിഭാഷക–വിദ്യാർഥി ചർച്ച. അതേസമയം, സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുമായി ഇരുകൂട്ടരും മുന്നോട്ടു പോകും. സംഘർഷം തുടർക്കഥയാകുന്നത് ഒഴിവാക്കാനാണു ശനിയാഴ്ച ഉച്ചയ്ക്കു സെൻട്രൽ എസിപി സി.ജയകുമാറിന്റെ ഓഫിസിൽ ഇരുകൂട്ടരെയും വിളിച്ചു വരുത്തി ചർച്ച നടത്തിയത്.
എറണാകുളം ബാർ അസോസിയേഷൻ ട്രഷറർ ശോഭൻ ജോർജ്, ജോ. സെക്രട്ടറി ഫ്രാൻസിസ് അസീസി, ലിജിൻ ജോസഫ് എന്നിവർ അഭിഭാഷകരെ പ്രതിനിധീകരിച്ചും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആശിഷ് എസ്.ആനന്ദ്, സെക്രട്ടറി പി.ആർ.അർജുൻ എന്നിവർ വിദ്യാർഥികളെ പ്രതിനിധീകരിച്ചും ചർച്ചയ്ക്കെത്തി.വിദ്യാർഥികളുടെയും അഭിഭാഷകരുടെയും ഭാഗത്തു നിന്ന് ഇനി പ്രകോപനമോ സംഘർഷമോ ഉണ്ടാകില്ലെന്നതാണു ചർച്ചയിലെ പ്രധാന ധാരണ.
ബാർ അസോസിയേഷൻ കോംപൗണ്ടിലോ ഇവിടെയുള്ള കന്റീൻ, മാവിൻചോട്ടിലെ റസ്റ്ററന്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കോ വിദ്യാർഥികൾ പോകില്ല. എറണാകുളം ശിവക്ഷേത്രത്തിന്റെ വടക്കേ ഗേറ്റിനു സമീപത്തെ കോളജ് ഗേറ്റിനുള്ളിൽ അഭിഭാഷകർ വാഹനം പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും അംഗീകരിച്ചു. അഭിഭാഷകർ കോളജ് ക്യാംപസിലും വിദ്യാർഥികൾ അസോസിയേഷൻ കോംപൗണ്ടിലും എത്തിയാൽ ഉണ്ടായേക്കാവുന്ന പ്രകോപനം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനങ്ങളെടുത്തതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആശിഷ് എസ്. ആനന്ദ് പറഞ്ഞു.
അതേസമയം, തങ്ങളെ എസിപി വിളിച്ചു സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും ഇതിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് ആന്റോ തോമസ് പറഞ്ഞു.സംഘർഷവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിൽ മൊഴി നൽകാൻ ഇന്നലെയും അഭിഭാഷകരോ വിദ്യാർഥികളോ സെൻട്രൽ സ്റ്റേഷനിൽ എത്തിയില്ല. വിഷു അവധിയായതിനാൽ ഇതിനു ശേഷമേ മൊഴിയെടുക്കൽ നടക്കാൻ സാധ്യതയുള്ളൂ എന്ന നിഗമനത്തിലാണു പൊലീസ്. വെള്ളിയാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു 3 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.