വിശുദ്ധവാര തിരക്കിലേക്ക് മലയാറ്റൂർ തീർഥാടനം; കുരിശുമുടിയിൽ ഏറ്റവുമധികം തിരക്ക് വിശുദ്ധ വാരത്തിൽ

Mail This Article
മലയാറ്റൂർ∙ വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി. ഇനി ഒരാഴ്ച കുരിശുമുടിയിലേക്ക് തീർഥാടകരുടെ അണ മുറിയാത്ത പ്രവാഹമായിരിക്കും. തീർഥാടനക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിശുദ്ധ വാരത്തിലാണ്.ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസ് വടക്കൻ കാർമികത്വം വഹിച്ചു. താഴത്തെ പള്ളിയിൽ ഫാ. ഡോ.ആന്റണി നരികുളം കുരുത്തോല വെഞ്ചരിച്ചു.
വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സഹ വികാരി ഫാ. നിഖിൽ മുളവരിക്കൽ എന്നിവർ നേതൃത്വം നൽകി. ചെറുതും വലുതുമായ കുരിശുകൾ വഹിച്ച് അനേകം പേർ മല കയറുന്നു. കാൽനടയായി ദീർഘയാത്ര ചെയ്തു വരുന്ന തീർഥാടകരും ഒട്ടേറെയുണ്ട്. മലയടിവാരത്ത് മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥനകൾ അർപ്പിച്ചു മലകയറ്റം ആരംഭിക്കുന്നു.
കുരിശും വഹിച്ച് കാൽവരിയിലേക്കുള്ള യേശുവിന്റെ യാത്രയിലെ 14 പ്രധാന സംഭവങ്ങളെ പ്രതിനിധീകരിച്ച് പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലുള്ള 14 വിശുദ്ധ സ്ഥലങ്ങൾ പിന്നിട്ട് തീർഥാടകർ മലമുകളിൽ വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള മാർത്തോമ്മാ സന്നിധിയിലേക്കാണ് എത്തുന്നത്. ആന കുത്തിയ പഴയ പള്ളിയും പാറപ്പുറത്തെ അത്ഭുത ഉറവയും കാണാം.
പൊൻകുരിശും വിശുദ്ധന്റെ കാൽപാദം പതിഞ്ഞ വിരിപ്പാറ കണ്ട് തിരികെ ഇറക്കം.കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ട് .മുൻകൂട്ടി അറിയിച്ചു വരുന്ന ചെറിയ ഗ്രൂപ്പുകൾക്ക് ധ്യാനം, പ്രാർഥന എന്നിവയ്ക്ക് സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും മല കയറാം. നേരത്തെ അറിയിച്ചാൽ താഴത്തെ പള്ളിയ്ക്കു സമീപം വിശ്രമത്തിനും താമസത്തിനും സ്ഥലം ലഭിക്കും. വെഞ്ചരിച്ച നേർച്ച എണ്ണയും നേർച്ച പായസവും ഹന്നാൻ വെള്ളവും പള്ളി സ്റ്റാളുകളിൽ ലഭ്യമാണ്.