എംസി റോഡിന്റെ ‘ഹൃദയം’ 15 മുതൽ ബ്ലോക്കാകും; മൂവാറ്റുപുഴക്കാർ ആശങ്കയിലും പ്രതീക്ഷയിലും

Mail This Article
മൂവാറ്റുപുഴ ∙ നഗര റോഡ് വികസന പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് 15ന് തുടക്കമിടുമ്പോൾ നഗരവാസികളും വ്യാപാരികളും ആശങ്കയിലും പ്രതീക്ഷയിലുമാണ്. നഗരം ഭാഗികമായി അടച്ചിട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നഗര ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് ജനങ്ങൾക്ക്. നല്ല വ്യാപാരം നടക്കുന്ന പെരുന്നാളും വിഷുവും റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരികൾക്ക് നഷ്ടമായി കഴിഞ്ഞു. ഈസ്റ്റർ വ്യാപാരത്തിനു കട തുറക്കാൻ കഴിയുമോ എന്ന ആശങ്കയും ഉണ്ട്.
എന്നാൽ നഗരത്തിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിനും വ്യാപാര മാന്ദ്യത്തിനും റോഡ് വികസനം പൂർത്തിയാകുന്നതോടെ പരിഹാരമാകും എന്ന പ്രതീക്ഷയാണ് ആശങ്കകൾക്കിടയിലും ഇവർക്ക് ആശ്വാസം പകരുന്നത്. റോഡ് വികസനം നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കി ജനങ്ങൾക്കു തുറന്നു കൊടുക്കണമെന്നാണ് ആവശ്യം. 3 മാസമെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
എന്നാൽ 1 വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പറഞ്ഞു തുടങ്ങിയ നഗര റോഡ് വികസനം 2 കൊല്ലം കഴിഞ്ഞിട്ടും പൂർത്തിയാകാതെ ഇഴഞ്ഞു നീങ്ങിയതിനാൽ 3 മാസ കാലയളവ് കഴിഞ്ഞും നിർമാണം നീണ്ടു പോകുമോ എന്ന ഭയമാണ് വ്യാപാരികൾക്ക്.റോഡ് കുഴിച്ചു നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വ്യാപാര ശാലകളിൽ പലതും തുറക്കാൻ കഴിയാത്ത സ്ഥിതി സൃഷ്ടിക്കും. ഇതിനോടനുബന്ധിച്ചു നടക്കുന്ന കർശന ഗതാഗത നിയന്ത്രണവും വ്യാപാര മേഖലയെയും ജനജീവിതത്തെയും ബാധിക്കും.
നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോയാൽ പിന്നീട് തുറന്നാലും വ്യാപാര മേഖല പഴയ പോലെയാകാൻ കാലങ്ങൾ എടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. നഗരത്തിന്റെ ഹൃദയ ഭാഗമായ കച്ചേരിത്താഴം മുതൽ പിഒ ജംക്‌ഷൻ വരെയാണ് 15 മുതൽ ഭാഗികമായി അടച്ചിടുന്നത്. ഇതു നഗരത്തെ മുഴുവൻ ബാധിക്കുന്ന സ്ഥിതി ഉണ്ടാകും. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകും എന്നാണു നഗരവാസികൾ ഉറ്റു നോക്കുന്നത്.