പരുക്കേറ്റ നായയ്ക്ക് നടക്കാൻ കൃത്രിമക്കാൽ സമ്മാനിച്ച് അഗ്നിരക്ഷാസേന

Mail This Article
മുളന്തുരുത്തി ∙ വാഹനമിടിച്ചു പരുക്കേറ്റ നായയ്ക്കു നടക്കാൻ സഹായ ഉപകരണം നിർമിച്ചു നൽകി അഗ്നിരക്ഷാസേന. മുളന്തുരുത്തി അഗ്നിരക്ഷാസേനയാണു പിൻഭാഗത്തു പരുക്കേറ്റ് നടക്കാൻ കഴിയാതെ ഇഴഞ്ഞു നീങ്ങിയ നായയ്ക്കു യുട്യൂബ് വിഡിയോ കണ്ട് പ്രചോദനം ഉൾക്കൊണ്ട് നടക്കാനും ഇരിക്കാനും കഴിയുന്ന തരത്തിലുള്ള ഉപകരണം നിർമിച്ചത്. ഒരാഴ്ച മുൻപാണു നായ സ്റ്റേഷനിൽ എത്തിയത്. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി മൃഗസ്നേഹികളെ അറിയിച്ചു.
എന്നാൽ ആരും എത്തിയില്ല. നായ ഇഴഞ്ഞു നീങ്ങാൻ ശ്രമിച്ചതോടെയാണു ജീവനക്കാരായ കെ.ബി. പ്രശാന്ത്, അഖിൽ കുമാർ, ആർ. രാജേഷ് എന്നിവർ നായയെ നടക്കാൻ സഹായിക്കാനുള്ള വഴി ആലോചിച്ചത്. തുടർന്നാണു വിദേശരാജ്യങ്ങളിൽ പരുക്കേറ്റ നായ്ക്കളെ നടക്കാൻ സഹായിക്കുന്ന ഉപകരണം പിവിസി പൈപ്പും ചക്രവും വാങ്ങി ഫയർ സ്റ്റേഷനിലെ ഡ്രൈവറായ കെ.ബി. പ്രശാന്ത് നിർമിച്ചു. ഉപകരണം കിട്ടയതോടെ നായ ഉഷാറായി ഫയർ സ്റ്റേഷന്റെ കാവലും ഏറ്റെടുത്തു.