ADVERTISEMENT

കൊച്ചി ∙ ഏഴു കോടി രൂപയുടെ മുതലാണ് ഈ കിടക്കുന്നത്. കനപ്പെട്ടൊരു വാഹനവും കൂറ്റനൊരു ക്രെയിനും. 10 വർഷമായി ഇതിവിടെ കിടക്കാൻ തുടങ്ങിയിട്ട്. കോടതി ജപ്തി ചെയ്തിട്ടിരിക്കുന്നതാണ്. കൂറ്റൻ ഗർഡറുകൾ ഉയർത്താൻ കരുത്തുണ്ടായിരുന്നു ഇതിന്. ക്രെയിനിന്റെ മേന്മയല്ല വിഷയം. 10 വർഷത്തെ കിടപ്പിനിടയിൽ ഈ ക്രെയിൻ തുരുമ്പെടുത്തു നശിച്ചു. ഏതു നിമിഷവും തകർന്നു താഴെ വീഴാം. വൈറ്റില മൊബിലിറ്റി ഹബിൽ, നൂറുകണക്കിനു വാഹനങ്ങൾ പോകുന്നതിനോടു ചേർന്നാണു കിടപ്പ്. തകർന്നുവീണാൽ അപകടം ഗുരുതരമാകുമെന്ന് ഉറപ്പ്.

ആരാവും ഉത്തരവാദി ?
കൊച്ചി മെട്രോ പണിയാൻ കൊണ്ടുവന്ന ക്രെയിനാണിത്. എന്നാലും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) പറയുന്നു. മൊബിലിറ്റി ഹബ് ഭൂമിയിലാണെങ്കിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നു മൊബിലിറ്റി ഹബ് സൊസൈറ്റി പറയുന്നു. നാളെ ഉണ്ടാകാൻ ഇടയുള്ള അപകടത്തിന് അതിനാൽ അര് ഉത്തരം പറയും ? വൈറ്റിലയിൽ നിന്നു പേട്ടവരെയുള്ള മെട്രോ നിർമാണം ഇറ – റാങ്കൺ എന്ന കമ്പനിക്കായിരുന്നു. മെട്രോ നിർമാണത്തിനു കൊണ്ടുവന്നതാണ് mait HR 18 എന്ന കൂറ്റൻ ക്രെയിൻ. നിർമാണത്തിലെ പോരായ്മയെത്തുടർന്നു ഡിഎംആർസി ഇറ– റാങ്കണുമായുള്ള കരാർ റദ്ദാക്കി.

ജോലി ചെയ്തതിന്റെ പണം നൽകാത്തതിനു ഇറ – റാങ്കണും ഉപ കരാറുകാരുമായി കേസ് ആയി. കേസിനെത്തുടർന്നു കൂറ്റൻ ക്രെയിനും അത് ഉറപ്പിച്ച ലോറിയും കോടതി ജപ്തി ചെയ്തു. ഇൗ കേസ് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിലേക്കു മാറ്റി. കേസ് തീർന്നോ, അറ്റാച്ച്മെന്റ് മാറിയോ എന്നൊന്നും ആരും തിരക്കാറില്ല, അറിയാറുമില്ല. മെട്രോ നിർമാണം ഡിഎംആർസി ചെയ്തതായതിനാൽ കെഎംആർഎലിന് ഇതിൽ ഉത്തരവാദിത്തമില്ല. ഡിഎംആർസി പണി പൂർത്തിയാക്കി പോയതിനാൽ അവരുടെ ആരും കൊച്ചിയിലില്ല.

ഒരു ദുരന്തമാണ് ഉയർന്നു നിൽക്കുന്നത് എന്ന വകുപ്പിൽ, ദുരന്ത നിവാരണ അതോറിറ്റിക്ക് ഇതിൽ ഇടപെടാം. കലക്ടർ ആണ് അതിന്റെ ചെയർമാൻ. കലക്ടർക്കു പല പരാതികളും ചെന്നെങ്കിലും അദ്ദേഹവും ഇതു കാര്യമായെടുത്തിട്ടില്ല.ഇൗ ക്രെയിൻ മാറ്റാതെ വൈറ്റില ജംക്‌ഷനിലെ ട്രാഫിക് ക്രമീകരണം നടക്കില്ല. കണിയാമ്പുഴ റോഡിനു പുറമേ, ക്രെയിൻ കിടക്കുന്ന ഭാഗത്തൂകൂടി പുതിയൊരു റോഡ് നിർമിച്ച്, ഹബിനകത്തേക്കും പുറത്തേക്കും വാഹനങ്ങൾ ഇതുവഴി കടത്തിവിടാനായിരുന്നു പ്ലാൻ. വഴിമുടക്കിയായി കൂറ്റൻ ക്രെയിൻ കിടക്കുമ്പോൾ എങ്ങനെ റോഡ് നിർമിക്കും.ഒരു പതിറ്റാണ്ട് മൂൻപായിരുന്നു ക്രെയിനിനും ലോറിക്കും കൂടി 7 കോടി രൂപ. ഇപ്പോഴിതിന് ആക്രി വില കിട്ടുമായിരിക്കും. മൊത്തം തൂക്കത്തിന് കിലോയ്ക്ക് 20 രൂപ വീതം!

English Summary:

Abandoned Kochi crane threatens public safety; ten years of neglect near Vyttila Mobility Hub creates a serious accident risk. Despite multiple parties denying responsibility, the rusted, decaying crane remains a hazard, demanding urgent action.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com