മാണിക്യമംഗലം ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ: സഞ്ചാരികളെത്തി, തിരക്കേറി

Mail This Article
കാലടി∙ അവധിക്കാലം ആയതോടെ മാണിക്യമംഗലം ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിൽ തിരക്കായി. വൈകിട്ട് മാണിക്യമംഗലം തുറയുടെ കരയിലുള്ള നടപ്പാതയിലൂടെ വർത്തമാനം പറഞ്ഞു നടക്കാനും നടപ്പാതയിലെ ചാരുബഞ്ചുകളിൽ ഐസ്ക്രീമും മറ്റു കഴിച്ചിരിക്കാനും ധാരാളം കുടുംബങ്ങൾ എത്തുന്നു. ഇരുട്ടു വീഴുന്നതിനു മുൻപേ തുറയുടെ കരയിലെ ലൈറ്റുകൾ തെളിയും . പിന്നെ ആളുകളുടെ വരവായി. രാത്രി 10 മണി വരെ ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ സജീവമാണ്. അവധിക്കാലത്തിനു മുൻപും ധാരാളം ആളുകൾ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിൽ എത്താറുണ്ട്. രാവിലെ 5 മണിയോടെ പ്രഭാത സവാരിക്കാരെത്തും. സായാഹ്ന സവാരിക്കാരും ധാരാളം ഉണ്ട്.
ടൂറിസം ഡെസ്റ്റിനേഷനിലെ ഓപ്പൺ ജിംനേഷ്യം അനേകം ആളുകൾ ഉപയോഗപ്പെടുത്തുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിൽ പ്രവേശിക്കാം.പ്രവേശന ഫീസില്ല. കഴിഞ്ഞ ജനുവരിയിലാണ് മാണിക്യമംഗലം തുറ ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ ആൻഡ് ഓപ്പൺ ജിംനേഷ്യം പൊതുജനത്തിന് തുറന്നു കൊടുത്തത്. അതിനു മുൻപ് തുറ മലിനമായും തുറയുടെ പരിസരം കാടു പിടിച്ചും കിടക്കുകയായിരുന്നു. തുറയുടെ ആരംഭ ഭാഗത്ത് നിലവിലുണ്ടായിരുന്ന കെട്ട് ഉയർത്തി ടൈൽ വിരിച്ചും കൈവരി നിർമിച്ചുമാണ് നടപ്പാത നിർമിച്ചത്.
നടപ്പാതയിൽ പ്രകാശ സംവിധാനവും ചാരുബഞ്ചുകളും ഒരുക്കി. ശുചിമുറികളും നിർമിച്ചു. തുറയുടെ വികസനത്തിന് ഇനിയും ഏറെ സാധ്യതകൾ ഉണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നടപ്പാതയിലേക്ക് മഴക്കാലത്ത് മണ്ണിടിഞ്ഞു വീഴുന്നത് തടയാനും നടപ്പാത കൂടുതൽ ആകർഷണീയമാക്കാനും ഇതിന്റെ അരികിൽ അലങ്കാര ചെടികൾ നട്ടു പിടിപ്പിക്കാം. വേസ്റ്റ് ബിന്നുകൾ പലയിടത്തും ഉണ്ടെങ്കിലും അത് കൂടുതൽ സ്ഥാപിക്കണമെന്നും നാട്ടുകാരനായ ജോയി പൂണേലി പറയുന്നു . പൊലീസ് നിരീക്ഷണം ഇടയ്ക്ക് ഉണ്ടാകണം. കഴിയുമെങ്കിൽ നീന്തൽ പരിശീലന കേന്ദ്രം ഇവിടെ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിന്റെ വികസനത്തിന് പദ്ധതികൾ തയാറാക്കുന്നതിന് എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിനെ പഞ്ചായത്ത് ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു . ഇതിനായി 1.25 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു. എത്രയും വേഗം പഠനം നടത്തി പദ്ധതി തയാറാക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി തയാറായാൽ ഉടനെ സിആർആർ ഫണ്ട് കണ്ടെത്തിയോ കേന്ദ്ര ഏജൻസികളെ സമീപിച്ചോ വികസന പ്രവർത്തനം നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.