കുണ്ടും കുഴിയുമായി മട്ടാഞ്ചേരി ബസാർ റോഡ്

Mail This Article
മട്ടാഞ്ചേരി∙ 5 വർഷമായി തകർന്നു കിടക്കുന്ന മട്ടാഞ്ചേരി ബസാർ റോഡിന് ഇനിയും ശാപമോക്ഷം അകലെ. പൊലീസ് സ്റ്റേഷൻ മുതൽ ചേംബർ റോഡ് ജംക് ഷൻ വരെയുള്ള ഭാഗമാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. നഗരസഭ 5–ാം ഡിവിഷനിൽ പെടുന്ന റോഡ് സിഎസ്എംഎൽ പദ്ധതിയിൽ ഉൾപ്പെട്ടതാണ്. തീർഥാടന കേന്ദ്രമായ കുരിയച്ചന്റെ നടയിലേക്ക് പോകുന്നതിന് ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. മട്ടാഞ്ചേരി ബസാറിലേക്ക് ചരക്ക് ലോറികളും വ്യാപാരികളും എത്തുന്നതും ഈ വഴിയിലൂടെ തന്നെയാണ്.
ഇത്രയും പ്രാധാന്യമുള്ള റോഡ് ആയിട്ടും നഗരസഭയും സിഎസ്എംഎൽ അധികൃതരും കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ജനരോഷം ഇരമ്പുകയാണ്. 2022ലും കഴിഞ്ഞ മാർച്ച് ഒന്നിനും നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തി. ഓശാന തിരുനാൾ ദിനത്തിൽ മലിന ജലം കെട്ടി കിടന്ന റോഡിലൂടെ മട്ടാഞ്ചേരി ജീവ മാതാ പള്ളിയിലേക്കുള്ള കുരുത്തോല പ്രദക്ഷിണം നടത്തേണ്ടി വന്നു. എംഎൽഎ, മേയർ, വാർഡ് കൗൺസിലർ കൂടിയായ ഡപ്യൂട്ടി മേയർ എന്നിവരെ കണ്ട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിന് ഇരുവശവുമുള്ള കാനകളുടെ നിർമാണം ഏറ്റെടുത്തിരുന്ന 2 കരാറുകാർ പണി ഉപേക്ഷിച്ചു പോയതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലെന്ന് സിഎസ്എംഎൽ അധികൃതർ പറയുന്നു. എത്രയും പെട്ടെന്ന് റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ സിഎസ്എംഎൽ സിഇഒയ്ക്ക് കത്ത് നൽകി. റോഡ് നിർമാണം സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ സിഎസ്എംഎൽ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരുമെന്ന് സ്ഥലം സന്ദർശിച്ച അധികൃതർ പറഞ്ഞു.