നഗര റോഡ് വികസനം: കച്ചേരിത്താഴത്ത് റോഡ് പൊളിച്ചുതുടങ്ങി

Mail This Article
മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിലെ ടാറിങ് പൊളിച്ചു നീക്കി റോഡ് പ്രതലം മണ്ണ് നിരത്തി ഇതിന് മുകളിൽ മെറ്റലും മണലും പാറപ്പൊടിയും മിക്സ് ചെയ്ത ഗ്രാനുലാർ സബ് ബേസ് (ജിഎസ്ബി വെറ്റ് മിശ്രിതം) ഉപയോഗിച്ചു റോഡിന്റെ അടിത്തറ ശക്തമാക്കുന്ന ജോലികളാണ് ആരംഭിച്ചത്. കച്ചേരിത്താഴം മുതൽ പിഒ ജംക്‌ഷൻ വരെയുള്ള റോഡാണ് ഇത്തരത്തിൽ 4 വരിപ്പാതയായി പുനർ നിർമിക്കുന്നത്. ഉന്നത നിലവാരത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതിന് 4 പാളികൾ ആയിട്ടാണ് റോഡ് നിർമാണം രൂപകൽപന ചെയ്തിട്ടുള്ളതെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
സയാന ഹോട്ടലിന്റെ ഭാഗത്ത് നിന്ന് കച്ചേരിത്താഴം വരെയാണ് ഇന്നലെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയതിനു ശേഷം ബാക്കി ഭാഗം കൂടി പൂർത്തീകരിക്കും. അരമന പടിയിൽ എംഎൽഎ ഓഫിസിന്റെ സമീപമുള്ള കലുങ്കിന്റെ രണ്ടാം ഭാഗത്തിന്റെ നിർമാണവും ഇതോടൊപ്പം ആരംഭിച്ചു.റോഡ് നിർമാണ പ്രദേശത്തെ യൂട്ടിലിറ്റി ഷിഫ്റ്റിന്റെ ഭാഗമായ വൈദ്യുതി ലൈൻ, കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത് അടുത്ത ദിവസം തന്നെ പൂർത്തീകരിക്കും.

കെണിയായി കേബിളുകൾ
മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത സ്വകാര്യ ടെലികോം ഇന്റർനെറ്റ് കമ്പനികളുടെ കേബിളുകൾ റോഡിൽ തള്ളിയത് വഴിയാത്രികർക്ക് കെണിയാകുന്നു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു നീക്കിയ കേബിളുകൾ റോഡരികിൽ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇതു മാറ്റാൻ കെഎസ്ഇബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
വെട്ടുകാട്ടിൽ ഹോസ്പിറ്റലിനു സമീപം മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗത്താണ് കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നത്. നഗര റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുത പോസ്റ്റുകൾ റോഡിൽ നിന്നു നീക്കം ചെയ്തിരുന്നു. പോസ്റ്റുകളിലൂടെ വലിച്ചിരുന്ന കേബിളുകളാണ് നഗരത്തിലെ പല സ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്നത്.രാത്രി യാത്രക്കാർ കേബിളുകളിൽ കുരുങ്ങി വീഴുകയും പരുക്കേൽക്കുകയും ചെയ്യുന്നുണ്ടെന്ന് നഗരസഭ കൗൺസിലർ ജിനു മടേക്കൽ പറഞ്ഞു. കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗതാഗത നിയന്ത്രണം
നഗരത്തിൽ റോഡ് നിർമാണം ആരംഭിച്ചതോടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. വാഹനങ്ങൾ ഇടറോഡുകളിലൂടെ വഴി തിരിച്ചു വിട്ടും കച്ചേരിത്താഴം മുതൽ പിഒ ജംക്‌ഷൻ വരെ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയുമാണ് നിയന്ത്രണം. വലിയ ചരക്കു വാഹനങ്ങൾ പകൽ നഗരത്തിൽ പ്രവേശിപ്പിച്ചില്ല.
എറണാകുളം, പെരുമ്പാവൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വെള്ളൂർകുന്നത്തു നിന്ന് ഇഇസി റോഡ് വഴി ചാലിക്കടവ്, കിഴക്കേക്കര റോഡുകളിലൂടെ കടത്തിവിട്ടു. കോതമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇഇസി ബൈപാസ് റോഡിലും കാവുംപടി റോഡിലും ഒറ്റവരി ഗതാഗതം മാത്രമേ അനുവദിച്ചുള്ളൂ.
വെള്ളൂർകുന്നം, ഇഇസി ബൈപാസ്, പിഒ ജംക്‌ഷൻ, എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ഗതാഗതം പൂർണമായി സ്തംഭിച്ചില്ല. നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും അതുവരെ നിയന്ത്രണങ്ങളോട് വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎയും നഗരസഭ ചെയർമാൻ പി.പി.എൽദോസും അഭ്യർഥിച്ചു.