വെടിമറ മാലിന്യസംഭരണ കേന്ദ്രം: ബയോ മൈനിങ്ങിന് ഒരുക്കങ്ങളായി

Mail This Article
പറവൂർ ∙ വെടിമറ മാലിന്യസംഭരണ കേന്ദ്രത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ബയോ മൈനിങ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മാലിന്യങ്ങളിലെ വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുക, കഴിയുന്നവ പുനരുപയോഗിക്കുക, അല്ലാത്ത ജൈവ മാലിന്യം സംസ്കരിക്കുക, മാലിന്യമല നിലനിൽക്കുന്ന ഭൂമി നിരപ്പാക്കിയെടുത്ത് ഉപയോഗപ്രദമാക്കുക എന്നിവയാണു ബയോ മൈനിങ്ങിൽ ഉൾപ്പെടുന്നത്.
ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക, സാങ്കേതിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണു ബയോ മൈനിങ്. 4 കോടി രൂപയുടെ പദ്ധതിയുടെ നിർവഹണം നടത്തുന്നതു നാഗ്പൂർ ആസ്ഥാനമായ എസ്എംഎസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. നേരത്തെ, സർക്കാർ അംഗീകൃത ഏജൻസി നടത്തിയ സർവേയിൽ 1.25 ഏക്കറിലായി 1866.272 ടൺ മാലിന്യം വെടിമറയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു.
അവ ആർഡിഎഫ് (പ്ലാസ്റ്റിക്, തുണി മുതലായവ), ബയോസോയിൽ (മണ്ണ്, കല്ല് എന്നിവ), ഇൻഎർട് (ഇരുമ്പ്, സ്ക്രാപ് എന്നിവ) എന്നീ ഇനങ്ങളായാണു തരംതരിക്കുക. പ്ലാസ്റ്റിക്, തുണി എന്നിവ സിമന്റ് കമ്പനിക്ക് കൈമാറും. കല്ലും മണ്ണും വേർതിരിച്ച് അവിടെ തന്നെ നിക്ഷേപിക്കും. മണ്ണ് കാർഷിക ആവശ്യത്തിനും സൈറ്റ് ഫില്ലിങ്ങിനും ഉപയോഗിക്കുകയും ചെയ്യും. ഇരുമ്പ്, സ്ക്രാപ് തുടങ്ങിയവ േലലം ചെയ്യും.
ബയോ മൈനിങ് നടപ്പാക്കാൻ ആവശ്യമായ യന്ത്രങ്ങളും മറ്റും മാലിന്യസംഭരണ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ട്രയൽ റൺ നടത്തിയിരുന്നു. മാലിന്യസംസ്കരണം പൂർത്തിയായാൽ നഗരത്തിന് ആവശ്യമായ ഖര – ദ്രവ്യ മാലിന്യ പദ്ധതികൾ നടപ്പാക്കാൻ കഴിയും. വൈകാതെ തന്നെ ബയോമൈനിങ് ആരംഭിക്കുമെന്നും ഒരു മാസം കൊണ്ടു പൂർത്തിയാകുമെന്നും നഗരസഭാധ്യക്ഷ ബീന ശശിധരൻ, ഉപാധ്യക്ഷൻ എം.െജ.രാജു, സ്ഥിരസമിതി അധ്യക്ഷരായ സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, വാർഡ് കൗൺസിലർ ജഹാംഗീർ തോപ്പിൽ എന്നിവർ പറഞ്ഞു.