പെസഹ സ്മരണയിൽ വിശ്വാസികൾ; മലയാറ്റൂർ കുരിശുമുടി കയറി

Mail This Article
മലയാറ്റൂർ∙ ദൈവപുത്രന്റെ സഹനത്തിനു മുൻപുള്ള അവസാന ദിനത്തിന്റെ വികാര നിർഭരമായ സ്മരണകളുമായി വിശ്വാസ സഹസ്രം കുരിശുമുടി കയറി. നോമ്പിന്റെ വിശുദ്ധിയിൽ ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’ വിളിച്ചെത്തിയവരായിരുന്നു ഇന്നലെ കുരിശുമുടി നിറയെ. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം അണ മുറിയാതെ തുടർന്നു. കാൽവരിയിലെ കുരിശു മരണത്തിന്റെ ദു:ഖ വെള്ളിയിലേക്കും വലിയ ശനിയിലേക്കും പ്രവാഹം തുടരും. കുരിശുമുടിയിലേക്ക് ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് പെസഹ വ്യാഴം, ദു:ഖ വെള്ളി ദിവസങ്ങളിലാണ്. കുരിശും ചുമന്ന് എത്തുന്നവർ, ദീർഘദൂരം കാൽനടയായി എത്തുന്നവർ, തലയിൽ കല്ലേന്തി മല കയറുന്നവർ, വിശുദ്ധന്റെ പ്രാർഥനകൾ നിറഞ്ഞ മലമ്പാത എന്നിവയെല്ലാം വിശുദ്ധ വാരത്തിലെ പ്രത്യേകതകളാണ്.
അടിവാരത്തും മലയാറ്റൂരിലേക്കുള്ള വഴികളിലും ഇന്നലെ പലയിടത്തും വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും തീർഥാടകർക്ക് ദാഹജലവും ശീതള പാനീയങ്ങളും സൗജന്യമായി നൽകി. ഇന്നു വിവിധയിടങ്ങളിൽ തീർഥാടകർക്ക് നേർച്ച ഭക്ഷണം നൽകും. കുരിശുമുടി പള്ളിയിൽ ഇന്നലെ രാവിലെ കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ.ജോസ് വടക്കന്റെ കാർമികത്വത്തിൽ കാലു കഴുകൽ ശുശ്രൂഷ നടന്നു. കുർബാന, വചന സന്ദേശം, പൂർണദിന ആരാധന, പൊതു ആരാധന എന്നിവയുണ്ടായിരുന്നു. താഴത്തെ പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിച്ചു. കുർബാന, വചന സന്ദേശം, പൂർണ ദിന ആരാധന, കാൽ കഴുകൽ നേർച്ച ശുശ്രൂഷ, പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയുണ്ടായിരുന്നു.
കുരിശുമുടി പള്ളിയിൽ ഇന്നു രാവിലെ 7നു പീഡാനുഭവ തിരുക്കർമങ്ങൾ, പീഡാനുഭവ സന്ദേശം, കുർബാന സ്വീകരണം, നഗരി കാണിക്കൽ എന്നിവയുണ്ടാകും. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ, കുർബാന സ്വീകരണം, കുരിശു വന്ദനം, വചന സന്ദേശം എന്നിവ നടക്കും. വൈകിട്ട് 3നു ആഘോഷമായ കുരിശിന്റെ വഴിയെ തുടർന്ന് കുരിശുമുടി അടിവാരത്തേക്ക് വിലാപ യാത്ര ആരംഭിക്കും. വലിയ ശനി രാത്രി 11.45നു കുരിശുമുടിയിലും രാത്രി 10.30നു താഴത്തെ പള്ളിയിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും.