കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

Mail This Article
നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി റേഞ്ച് ഡിഐജിയുടെ ഔദ്യോഗിക മെയിലിലാണു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ഹിസ്ബുൽ മുജാഹിദിന്റെ പേരിലായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടൻ വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു വിവിധ തലത്തിലുളള പരിശോധന നടത്തി.
സിഐഎസ്എഫിന്റെയും പൊലീസിന്റെയും ബോംബ് സ്ക്വാഡുകൾ വിമാനത്താവള ടെർമിനലുകളിലും കാർ പാർക്കിങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തി. ഈയാഴ്ച രണ്ടാം തവണയാണു ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ ആർഡിഎക്സ് അധിഷ്ഠിത ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നു വിമാനത്താവള പിആർഒയുടെ ഇ– മെയിലിലാണു സന്ദേശം എത്തിയത്. തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം എത്തുന്നതിനെ തുടർന്നു വിമാനത്താവളത്തിൽ സുരക്ഷാ വിഭാഗങ്ങൾ ജാഗ്രതയിലാണ്.