ചേന്ദമംഗലം കവലയിൽ ട്രാഫിക് സിഗ്നൽ തകരാറിൽ; തലങ്ങും വിലങ്ങും പാഞ്ഞ് വാഹനങ്ങൾ

Mail This Article
പറവൂർ ∙ തിരക്കേറിയ ചേന്ദമംഗലം കവലയിൽ ട്രാഫിക് സിഗ്നൽ തകരാറിൽ. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത് അപകടഭീഷണി ഉയർത്തുന്നു. രാത്രി സിഗ്നലിലെ ബ്ലിങ്കിങ് മോഡ് ഇല്ലെങ്കിൽ ഇതൊരു കവലയാണെന്നു സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് തിരിച്ചറിയാൻ കഴിയില്ല. കവലയെന്നു മനസ്സിലാക്കാതെ പാഞ്ഞെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. സിഗ്നൽ തകരാറിലായിട്ട് ഒരാഴ്ചയോളമായി.
പല ദിവസങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്ന കവലയാണ്. ഒട്ടേറെ ഇരുചക്രവാഹനങ്ങളും കാറുകളും വലിയ വാഹനങ്ങളും എത്തുമ്പോൾ കവല ഗതാഗതക്കുരുക്കിലാകും. അപകടമുണ്ടാക്കാതെ വണ്ടി കൊണ്ടുപോകാൻ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. പകൽ സമയത്തു ട്രാഫിക് നിയന്ത്രിക്കാൻ ഇവിടെ ഹോം ഗാർഡുകൾ ഉണ്ടാകാറുണ്ട്. അടിക്കടി തകരാറിലാകുന്ന ട്രാഫിക് സിഗ്നൽ സംവിധാനമാണ് കവലയിലുള്ളത്. മുൻപു പലതവണ നന്നാക്കിയിട്ടും വീണ്ടും തകരാറിലാകുന്നു. പുത്തൻ സിഗ്നൽ സംവിധാനം സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.