ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വീടു കത്തി നശിച്ചു; സമീപത്തുണ്ടായിരുന്ന കാറിനു നാശനഷ്ടം

Mail This Article
മൂവാറ്റുപുഴ∙ ബോംബ് സ്ഫോടനത്തിനു സമാനമായ ഉഗ്ര ശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു പരിഭ്രാന്തി പരത്തി. ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളിക്കു സമീപം എംസി റോഡരികിൽ വണ്ടനാക്കരയിൽ ജോസഫ് ചാക്കോയുടെ വീട്ടിൽനിന്നാണു സ്ഫോടന ശബ്ദവും തീയും പുകയും ഉയർന്നത്. വീടു കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറിനും നാശനഷ്ടം സംഭവിച്ചു.ഇന്നലെ രാവിലെ 10 മണിയോടെയാണു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശക്തമായ സ്ഫോടന ശബ്ദം കേട്ടു നാട്ടുകാർ പലരും വീടുവിട്ടിറങ്ങി ഓടി. സ്ഫോടന ശബ്ദം എന്താണെന്നു മനസ്സിലാകാതെ ആളുകൾ പരിഭ്രാന്തിയിലായി.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീടു പൂർണമായി കത്തി പുക ആകാശത്തേക്ക് ഉയർന്നതു പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയിലെ ഓട് ചിന്നിച്ചിതറി. ഓടു വീണാണു വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനു തകരാർ സംഭവിച്ചത്. സമീപത്തുള്ള മരങ്ങൾക്കും കത്തു പിടിച്ചു. രോഗികളായ മാതാപിതാക്കളും 3 മക്കളും അടങ്ങുന്നതാണു ജോസഫ് ചാക്കോയുടെ കുടുംബം. സ്ഫോടനം നടന്ന സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എംസി റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. മൂവാറ്റുപുഴയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണു തീ അണച്ചത്