മോർച്ചറിയിൽ മൃതദേഹം അഴുകിയത് ഫ്രീസറിന്റെ സാങ്കേതിക തകരാർ കാരണമെന്ന് റിപ്പോർട്ട്

Mail This Article
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച സൗത്ത് എഴുപുന്ന സ്വദേശി സാബുവിന്റെ മൃതദേഹം ജീർണിച്ചതിന്റെ കാരണം ഫ്രീസറിന്റെ സാങ്കേതിക തകരാറാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. ഫ്രീസറിന്റെ സ്വിച്ച് ഓൺ ആക്കാത്തതാണ് പ്രശ്നകാരണമെന്നായിരുന്നു ആദ്യ നിഗമനം.സംഭവത്തിനു ശേഷം ടെക്നിഷ്യന്മാരെ വരുത്തി തകരാർ പരിഹരിച്ചതായും സൂപ്രണ്ട് പറഞ്ഞു. രാത്രി മൃതദേഹം വച്ച ശേഷം ഫ്രീസറിന്റെ സ്വിച്ച് ഓണാക്കിയതും രാവിലെ ഓഫാക്കിയതും മരിച്ച സാബുവിന്റെ ബന്ധുവിന്റെ സാന്നിധ്യത്തിലാണെന്നും ഡോ. സ്മിജി പറഞ്ഞു.
അതേസമയം, ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് കുറ്റക്കാരായ ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നു സാബുവിന്റെ വീട്ടുകാർ ആരോപിച്ചു. രാവിലെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തുമ്പോൾ ഫ്രീസറിന്റെ സ്വിച്ച് ഓഫായിരുന്നു. രാത്രി ഓണാക്കിയെന്നു പറയുന്നതു തങ്ങളുടെ സാന്നിധ്യത്തിലല്ല. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹവുമായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ പിശകു പറ്റിയെന്നും ക്ഷമിക്കണമെന്നുമാണ് സൂപ്രണ്ട് തങ്ങളോടു പറഞ്ഞതെന്നും അവർ അറിയിച്ചു.