ADVERTISEMENT

കൊച്ചി ∙ അധികമാകുന്ന സ്‌ക്രീൻ വിധേയത്വം പ്രശ്നമാകുന്നുണ്ടോ ? മലയാള മനോരമ ഹോർത്തൂസ് മലയാളം പാഠശാല ക്യാംപിൽ ഇന്നലെ ഉയർന്ന ചോദ്യമാണ്. ഉണ്ടെന്ന വാദത്തോടൊപ്പം വിവേകത്തോടെയും വിവേചനത്തോടെയുമുള്ള നിയന്ത്രിത ഡിജിറ്റൽ ഉപയോഗത്തിനായി സ്വയം സ്വീകരിക്കാവുന്ന മാർഗങ്ങളും ക്യാംപിൽ ചർച്ചയായി. വായനയ്ക്കും കായിക വിനോദങ്ങൾക്കും കാർഡ് ഗെയിമുകൾക്കും സാമൂഹിക ഇടപെടലുകൾക്കും കൂടുതൽ സമയം നൽകി, പരിഹാരത്തിനു ശ്രമിക്കാമെന്ന നിർദേശം ക്യാംപ് അംഗങ്ങളിൽ നിന്നുതന്നെ രൂപപ്പെട്ടു.

ഡിജിറ്റൽ ലോകത്തിൽ സുരക്ഷ പാലിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന മാനസികാരോഗ്യ പ്രതിസന്ധികളെക്കുറിച്ചും സുരക്ഷാ രീതികളെക്കുറിച്ചും ചർച്ചകൾ ഉണ്ടായി. സീനിയർ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ.ജോൺ നയിച്ച സെഷനിലായിരുന്നു ചർച്ചകൾ.‘തോൽവികളെ സമചിത്തതയോടെ വിലയിരുത്തുകയും തോൽവിയിലേക്കു നയിച്ച കാരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതപ്പെട്ടവരുമാണു ജീവിതവിജയം നേടുന്നത്. പ്രതിസന്ധികളെ നേരിടാനുള്ള പ്രാപ്തി ഉൾപ്പെടുന്ന ജീവിതപാഠങ്ങളിൽ കേമത്തം കാട്ടാനാണു കൂടുതൽ ശ്രദ്ധ കാട്ടേണ്ടത്’– ഡോ. സി.ജെ.ജോൺ പറഞ്ഞു. ആധിയും ദേഷ്യവും വിഷാദവുമൊക്കെ മയപ്പെടുത്താനുള്ള മനഃശാസ്ത്ര തന്ത്രങ്ങളും നിഷേധ വിചാരങ്ങളെ അകറ്റാനുള്ള മാർഗങ്ങളും ക്യാംപിൽ ചർച്ച ചെയ്തു.

ദൈനംദിന ജീവിതത്തിൽ എഐ ടൂളുകളുടെ ഇടപെടലുകലും സാധ്യതകളുമാണ് എഐ രംഗത്തെ വിദഗ്ധനും എഐ സ്റ്റാർട്ടപ്പായ ഗ്രീൻ പെപ്പറിന്റെ സിഇഒയുമായ കൃഷ്ണകുമാർ ക്യാംപ് അംഗങ്ങളോടു പങ്കുവച്ചത്. പാഠ്യഭാഗങ്ങൾ കാർട്ടൂൺ ഡയലോഗുകളും റാപ് വരികളും ക്വിസ്സും ഗെയിമുകളുമാക്കി മാറ്റി, പഠിക്കാൻ കഴിയുന്ന സാധ്യതകൾ ക്യാംപിൽ ചർച്ച ചെയ്തു. ടെക്സ്റ്റ് ബുക്കുകളിലൂടെ മാത്രം കാര്യങ്ങൾ പഠിക്കുന്ന രീതി അവസാനിക്കുമെന്നും എഐ ടൂളുകൾ അതിനായി വേണ്ടിവരുമെന്നും കൃഷ്ണകുമാർ പറഞ്ഞു. മലയാള മനോരമയും നൈപുണ്യ വികസന രംഗത്തെ സ്ഥാപനമായ ഐഎസ്എസ്ഡിയും ചേർന്നൊരുക്കിയ ക്യാംപ് ഇന്നു സമാപിക്കും.

English Summary:

Excessive screen time is a growing concern impacting children's mental and physical well-being. The Malayala Manorama Hortus Malayalam Padashala camp addressed this issue, proposing solutions such as increased time for reading and physical activities to foster a healthier balance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com