സഞ്ചാരികളെത്താതെ മനോഹരതീരങ്ങൾ; വൈപ്പിൻ ദ്വീപിലെ കായൽ തീരങ്ങളുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നില്ല

Mail This Article
വൈപ്പിൻ∙ ടൂറിസ്റ്റ് സീസണിൽ വൈപ്പിനിലെ ബീച്ചുകൾ ജനത്തിരക്ക് കൊണ്ട് വീർപ്പു മുട്ടുമ്പോൾ അത്ര തന്നെ വിനോദസഞ്ചാര സാധ്യതകളുള്ള കായലോരങ്ങൾ വിജനം. നെടുങ്ങാട് ജെട്ടി പോലെ ഏതാനും കേന്ദ്രങ്ങളിൽ കേട്ടറിഞ്ഞ് വിദൂര സ്ഥലങ്ങളിൽ നിന്നു പോലും സന്ദർശകർ എത്തുമ്പോൾ മറ്റിടങ്ങളിൽ ആളനക്കം പോലുമില്ല. 20 കിലോമീറ്ററോളം നീളത്തിൽ മനോഹരമായ കായൽത്തീരം ദ്വീപിന് സ്വന്തമാണെങ്കിലും അവിടം കേന്ദ്രീകരിച്ച് വിഭാവനം ചെയ്ത പദ്ധതികൾ ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. നിരനിരയായി തെങ്ങുകളുള്ള ചെറുവരമ്പുകളോടെ വിശാലമായ ചെമ്മീൻ–നെൽപാടങ്ങളും വീരൻപുഴയുമെല്ലാം ചേർന്ന് ദ്വീപിന്റെ കിഴക്കൻ തീരത്ത് അപൂർവമായ ദൃശ്യാനുഭവമാണ് ലഭ്യമായിട്ടുള്ളത്.
അതേസമയം വിരലിലെണ്ണാവുന്ന ഏതാനും സ്വകാര്യ റിസോർട്ടുകളുള്ളതൊഴിച്ചാൽ ഈ മേഖലയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താൻ കാര്യമായ ശ്രമങ്ങളില്ല. ബീച്ചുകളിൽ നിന്ന് വ്യത്യസ്‌തമായി കായലോര പ്രദേശങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഉടമസ്‌ഥതയിലാണെന്നതാണ് ഇവിടം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള തടസ്സം. എന്നാൽ സർക്കാരുമായി ഇക്കാര്യത്തിൽ കൈകോർക്കാൻ സ്വകാര്യ സംരംഭകർ രംഗത്തു വന്നിട്ടും കാര്യങ്ങൾ മുന്നോട്ടു നീങ്ങിയിട്ടില്ല.
നെടുങ്ങാട് മേഖലയിലും മറ്റും സജീവമായ പ്രാദേശിക കായലോര വിനോദ സഞ്ചാര വികസന സൊസൈറ്റികളുടെ സഹകരണവും ഇക്കാര്യത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവുമെങ്കിലും അതിനുള്ള ശ്രമവും ഉണ്ടാകുന്നില്ല. അതേസമയം കിഴക്കൻ മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങളും മറ്റും ഇടക്കാലത്ത് വികസിച്ചിട്ടുണ്ട്. കിഴക്കു ഭാഗത്തേക്കുള്ള പോക്കറ്റ് റോഡുകൾ പലതും ഇപ്പോൾ മികച്ചതാണ്. നെടുങ്ങാടും മറ്റും ബോട്ടു വഴി സഞ്ചാരികളെ എത്തിക്കാൻ പറ്റിയ ജെട്ടികളുമുണ്ട്. ഇടക്കാലത്ത് ഒരു സൂപ്പർതാര ചിത്രത്തിന് ലൊക്കേഷനായതോടെയാണ് നെടുങ്ങാട് ജെട്ടി പരിസരം സന്ദർശകരുടെ ഇഷ്ട കേന്ദ്രമായത്.
മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന സഹോദരൻ അയ്യപ്പൻ സ്‌മാരകം, പള്ളിപ്പുറം കോട്ട തുടങ്ങിയവ കായലിനോടു തൊട്ടുചേർന്നാണ് സ്‌ഥിതി ചെയ്യുന്നതെന്നതും കായൽ ടൂറിസത്തിന് അനുകൂല ഘടകമാണ്. വീരൻ പുഴയുടെ ആഴം കൂട്ടി വലിയ ജലയാനങ്ങൾക്കു കൂടി കടന്നുവരാൻ സൗകര്യമൊരുക്കുകയും കായലോര റോഡ് സജ്ജമാകുകയും കൂടി ചെയ്താൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. വൈപ്പിനിലെ ബീച്ചുകളിൽ ഇപ്പോൾ അവധി ദിവസങ്ങളിലും മറ്റും അനിയന്ത്രിതമായ തിരക്കും ഗതാഗതക്കുരുക്കുമാണ്. സ്വസ്‌ഥമായ ഇടം തേടുന്ന സഞ്ചാരികളിൽ നിന്നു സ്വാഭാവികമായും മറ്റു വിനോദ കേന്ദ്രങ്ങൾക്കായുള്ള അന്വേഷണങ്ങൾ ടൂർ ഓപ്പറേറ്റർമാർക്ക് ലഭിക്കുന്നുമുണ്ട്.