ADVERTISEMENT

കളമശേരി ∙ കെഎംആർഎൽ മീഡിയനിൽ ടൈൽ വിരിക്കാനും കോൺക്രീറ്റ് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നതു വിശ്വാസ വഞ്ചനയും ചതിയുമാണെന്നു കേരള നേച്ചർ പ്രൊട്ടക്‌ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. മെട്രോ തൂണുകൾക്കിടയിലെ മീഡിയൻ സ്ഥലത്തും മെട്രോ സ്റ്റേഷനുകളിലും പൂന്തോട്ടവും ഹരിതമതിലും ഹരിത റിബണും സൃഷ്ടിക്കുമെന്നും പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും പ്രഖ്യാപിച്ചാണു കൊച്ചി മെട്രോ പദ്ധതിക്കു ജനപിന്തുണയും കേന്ദ്ര-കേരള പരിസ്ഥിതി മന്ത്രാലയം, മറ്റു ഫണ്ടിങ് ഏജൻസികൾ എന്നിവയി‍ൽ നിന്നും അനുമതി നേടിയത്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ, കെഎംആർഎൽ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകളിലും കെഎംആർഎൽ പത്രക്കുറിപ്പുകളിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യ നാളുകളിൽ മെട്രോമാൻ ഇ.ശ്രീധരൻ ഇക്കാര്യങ്ങൾ അടിവരയിട്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കായി ഡിഎംആർസി കൊച്ചി സർവകലാശാലയുമായി ചേർന്നു നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിൽ മീഡിയനിൽ തിരഞ്ഞെടുക്കേണ്ട ചെടികളുടെ ലിസ്റ്റ് പോലും നൽകിയിട്ടുണ്ട്. പദ്ധതിക്കായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചത്. അതിന് പകരം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന വാഗ്ദാനം കെഎംആർഎൽ നടപ്പാക്കിയില്ല. കൊച്ചി നഗരം കോൺക്രീറ്റ് കാടായി വളരുകയും വാഹന പെരുപ്പം സംഭവിക്കുകയും നഗരാസൂത്രണം അനുസരിച്ചുള്ള നഗരത്തിലെ ആളോഹരി മരങ്ങളുടെ എണ്ണം ക്രമാതീതമായി താഴുകയും ചെയ്തിരിക്കുന്ന ഈ സമയത്തു നഗരത്തിലെ പ്രാണവായു കുറയാനുള്ള സാഹചര്യം നിലനിൽക്കുന്നു.

അർബൻ ഹരിത വൽക്കരണത്തിനു പകരം കെഎംആർഎൽ പരിസ്ഥിതി ആഘാത പഠനത്തിന്റെ നിർദേശത്തിൽ നിന്നു പിൻവലിയുന്നത് ജനദ്രോഹപരവും നിയമലംഘനവുമാണ്. ഇതു കൊച്ചി നിവാസികൾക്കുള്ള പ്രാണവായു നിഷേധിക്കലാണ്. കെഎംആർഎൽ മീഡിയനിൽ നടത്താൻ പോകുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറണമെന്നു കേരള നേച്ചർ പ്രൊട്ടക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ഡോ.സി.എം.ജോയി , സെക്രട്ടറി എൽ.ആർ.വിശ്വനാഥൻ എന്നിവർ ആവശ്യപ്പെട്ടു.

English Summary:

Kochi Metro's (KMRL) betrayal of environmental promises has angered the Kerala Nature Protection Council. The concrete median construction violates earlier commitments to green spaces, worsening air quality in already congested Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com