ചെറായി ബീച്ചിലെ പാർക്കിങ് ഏരിയ ഉപയോഗശൂന്യം; റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നു

Mail This Article
വൈപ്പിൻ∙ വെള്ളം നിറഞ്ഞതോടെ ചെറായി ബീച്ചിലെ പാർക്കിങ് ഏരിയ വീണ്ടും ഉപയോഗശൂന്യമായി. ബീച്ചിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായും പരാതിയുണ്ട്. നേരത്തെ മുതൽ ബീച്ചിലെ പാർക്കിങ് ഏരിയയുടെ ശാപമായിരുന്ന വെള്ളക്കെട്ട് ബീച്ച് റോഡ് ഉയർത്തി നിർമിച്ചതോടെയാണ് കൂടുതൽ രൂക്ഷമായത്. പാർക്കിങ് ഏരിയയിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകുന്നതിന് കുഴലുകളോ മറ്റ് സംവിധാനങ്ങളോ ഒരുക്കാൻ അധികൃതർ തയാറായില്ല. ഇതുമൂലം ചെറിയ മഴയ്ക്കു തന്നെ ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെടും.
പാർക്കിങ് ഫീസ് ഇനത്തിൽ മോശമല്ലാത്ത തുക ഈടാക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാനും അപര്യാപ്തതകൾ പരിഹരിക്കാനും അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയാൽ ആളുകൾ ചെളി വെള്ളത്തിലേക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്. ഇതുമൂലം പലരും ഈ സ്ഥലം ഒഴിവാക്കി റോഡരികിൽ തന്നെ വാഹനങ്ങൾ നിർത്തിയിടുന്നു. ഇത് തിരക്കേറിയ അവധി ദിനങ്ങളിലും മറ്റും ഗതാഗത തടസ്സത്തിന് ഇടയാക്കുന്നു.
ഇരുവശങ്ങളിലും വാഹനങ്ങൾ നിരക്കുന്നതോടെ ടൂറിസ്റ്റ് ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ മാർഗമില്ലാതാകും. പാർക്കിങ് സ്ഥലം മണ്ണിട്ട് ഉയർത്തി ടൈൽ വിരിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനു പുറമേ ബീച്ചിന്റെ തെക്കു ഭാഗത്ത് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി അവിടെയും പാർക്കിങ് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.