'25 രൂപയുമായി വരൂ'...; പെരിയാറിനരികിൽ തെളിയും ജീവിതചിത്രം

Mail This Article
ആലുവ ∙ ‘25 രൂപയുമായി വരൂ, മണപ്പുറത്തിന്റെ മനോഹാരിതയിൽ ചിത്രങ്ങൾ എടുക്കാം.’ ക്ഷണിക്കുന്നതു മറ്റാരുമല്ല, 2 യുവ ഫൊട്ടോഗ്രഫർമാർ. വിനോദസഞ്ചാര കേന്ദ്രങ്ങളിലെപ്പോലെ മണപ്പുറം നടപ്പാലത്തിൽ എത്തുന്നവരുടെ ചിത്രങ്ങൾ എടുത്തു നൽകി ഉപജീവനം കണ്ടെത്തുകയാണ് ആലങ്ങാട് മാളികംപീടിക സ്വദേശികളായ എബിയും ഷിബുവും. കൊട്ടാരക്കടവിനെയും മണപ്പുറത്തെയും ബന്ധിപ്പിച്ചു പെരിയാറിനു കുറുകെ ആർച്ച് ആകൃതിയിൽ നിർമിച്ച നടപ്പാലത്തിൽ വരുന്ന നൂറുകണക്കിനാളുകൾ മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതു കണ്ടതാണ് പ്രചോദനം. പകൽ 10 മുതൽ 6 വരെ ഫൊട്ടോഗ്രഫർമാർ പാലത്തിൽ ഉണ്ടാകും.
പെരിയാറിന്റെയും ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെയും ആലുവ പാലസിന്റെയും പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾക്കാണു കൂടുതൽ ആവശ്യക്കാർ. പെരിയാറിനു കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ ട്രെയിനുകൾ കടന്നുപോകുന്നതിന്റെയും തൊട്ടടുത്തു താമസിക്കുന്ന നടൻ ദിലീപിന്റെ വീടിന്റെയും പശ്ചാത്തലത്തിൽ ചിത്രം എടുപ്പിക്കുന്നവരും ഉണ്ട്. ഫോട്ടോ ഇ–മെയിലും വാട്സാപും ചെയ്യാനുള്ള സൗകര്യമേ നിലവിൽ ഇവരുടെ പക്കലുള്ളൂ. ആവശ്യക്കാർ വർധിച്ചാൽ തത്സമയ പ്രിന്റിങ് തുടങ്ങും.