അനധികൃത പാർക്കിങ് ബണ്ട് റോഡിൽ ദുരിതയാത്ര

Mail This Article
കുണ്ടന്നൂർ ∙ നവീകരണം നിലച്ച് കുണ്ടും കുഴിയുമായ കുണ്ടന്നൂർ ബണ്ട് റോഡ് പാർക്കിങ്ങിനായി വാഹനങ്ങൾ കയ്യടക്കിയതോടെ യാത്ര ദുരിതപൂർണമായി. തീരെ മര്യാദയില്ലാതെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കുണ്ടന്നൂർ– ചിലവന്നൂർ റോഡിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. തിങ്കളാഴ്ച്ച രാത്രി യാത്ര തടസ്സപ്പെടും വിധം വാഹനം പാർക്ക് ചെയ്തിട്ടത് പൊലീസിൽ അറിയിച്ചിട്ടും മാറ്റിയില്ല.
ഉടമസ്ഥനെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറഞ്ഞത്. ഒടുവിൽ ഉച്ചയോടെ ഡ്രൈവറെത്തി വാഹനം മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. ട്രാഫിക് വാർഡൻ ഉണ്ടെങ്കിലും നിയന്ത്രിക്കാനാവാത്ത വിധമാണ് പാർക്കിങ്. ഇവിടെ നോ പാർക്കിങ് വയ്ക്കാൻ വർഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും ഫണ്ടില്ലെന്നാണു നഗരസഭയും പൊലീസും പറയുന്നത്.
സർവീസ് റോഡും തഥൈവ
സർവീസ് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. ഷോറൂമുകളിലേക്കുള്ള വാഹനങ്ങളുടെ പാർക്കിങ് സ്ഥലമായി സർവീസ് റോഡ് മാറി. ഇവിടെ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന മട്ടിലാണ് പാർക്കിങ്. ഇവിടെയുള്ള മാളിലേക്ക് വാഹനങ്ങൾ കൂടുതലായി എത്തുന്ന സമയങ്ങളിൽ കുരുക്ക് രൂക്ഷമാകും.