കരയാംപറമ്പ് ജംക്‌ഷൻ: സിഗ്നൽ ഒഴിവാക്കിയുള്ള സംവിധാനത്തിന് പദ്ധതി

Mail This Article
അങ്കമാലി ∙ ദേശീയപാതയിൽ കരയാംപറമ്പ് ജംക്‌ഷനിൽ സിഗ്നൽ ഒഴിവാക്കിയുള്ള സംവിധാനത്തിനു ദേശീയപാത പദ്ധതി തയാറാക്കുന്നു. കരയാംപറമ്പ് ജംക്‌ഷനിൽ നിന്ന് ആരംഭിക്കുന്ന എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) നിർമാണത്തോടെ കരയാംപറമ്പ് ജംക്‌ഷനിൽ പുതിയ ഗതാഗതസംവിധാനം നടപ്പാക്കാനാണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്.പുതിയ ഗതാഗതസംവിധാനം വന്നാൽ ഗതാഗതക്കുരുക്കിനും പരിഹാരമാകും. സിഗ്നൽ കാത്തുനിൽക്കാതെ സുഗമമായി റോഡിന്റെ ഇരുവശത്തേക്കും കടന്നുപോകാനാവുന്ന തരത്തിലാണു ഡിസൈൻ തയാറാക്കുന്നത്. കുണ്ടന്നൂർ ബൈപാസ്, ദേശീയപാത 544, മൂക്കന്നൂർ–ഏഴാറ്റുമുഖം റോഡ് എന്നിവ ഒരേ ജംക്‌ഷനിൽ ചേരുമ്പോൾ കുറ്റമറ്റ രീതിയിൽ വാഹനങ്ങൾ കടന്നുപോകുന്ന തരത്തിലുള്ള പദ്ധതി തയാറാക്കുന്നത്.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജംക്‌ഷനിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ നടത്തിയ പരിശോധനയെ തുടർന്നു പരീക്ഷണമെന്നോണം കരയാംപറമ്പ് ജംക്‌ഷനിൽ ഒരു വശത്ത് കുറച്ചുനാൾ സിഗ്നൽ ഒഴിവാക്കിയിരുന്നു. എളവൂർ ഭാഗത്തു നിന്നു സർവീസ് റോഡിലൂടെ മൂക്കന്നൂർ, അങ്കമാലി ഭാഗത്തേക്കു കടക്കുന്ന വാഹനങ്ങൾക്കുള്ള സിഗ്‌നലാണ് ഉപേക്ഷിച്ചത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു സിഗ്നൽ പുനഃസ്ഥാപിക്കുകയും ചെയ്തു.
കരയാംപറമ്പിലെ ഗതാഗത സംവിധാനങ്ങളിൽ മാറ്റം വരുമെന്നതിനാൽ പുനർനിർമിക്കുന്ന മൂക്കന്നൂർ– ഏഴാറ്റുമുഖം റോഡിന്റെ ദേശീയപാതയോടു ചേരുന്ന ആരംഭഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ദേശീയപാത നിലവാരത്തിൽ നിർമിക്കുന്ന മൂക്കന്നൂർ– ഏഴാറ്റുമുഖം റോഡ് ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിലേക്കാണു ചേരുന്നത്. മൂക്കന്നൂർ– ഏഴാറ്റുമുഖം റോഡും ദേശീയപാതയും തമ്മിൽ നിലവിൽ 1.5മീറ്ററിലേറെ ഉയരവ്യത്യാസമുണ്ട്. ഉയരവ്യത്യാസം ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാക്കുന്നത്. അപകടങ്ങൾ കുറയ്ക്കാനായി രണ്ടു റോഡുകളും തമ്മിലുള്ള ഉയരവ്യത്യാസം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങളാണ് നാട്ടുകാർ നൽകിയിട്ടുണ്ട്.
അപകടത്തിൽപ്പെടുന്നവയിൽ ഏറെയും മൂക്കന്നൂർ റോഡിൽ നിന്നു ദേശീയപാതയിലേക്കു കയറുന്ന വാഹനങ്ങളാണ്.ദേശീയപാതയിലേക്കു കയറുന്ന ബൈക്ക് യാത്രികരെ തൃശൂർഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇടിച്ചുവീഴ്ത്തുന്നു. ഒട്ടേറെ ബൈക്ക് യാത്രക്കാരുടെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. മൂക്കന്നൂർ റോഡിന്റെ ഉയരം ദേശീയപാതയ്ക്കൊപ്പം ആക്കിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണു നാട്ടുകാർ പറയുന്നത്. മൂക്കന്നൂർ– ഏഴാറ്റുമുഖം റോഡിന്റെ പുനർനിർമാണം ഏറെക്കുറെ പൂർത്തിയായിട്ടും റോഡിന്റെ ആരംഭഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.റോഡിന്റെ ഈ പ്രശ്നപരിഹാരത്തിനും കുണ്ടന്നൂർ ബൈപാസ് യാഥാർഥ്യമാകുന്നതുവരെ കാത്തിരിക്കണം.
കരയാംപറമ്പ് ജംക്‌ഷൻ വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ജംക്‌ഷൻ വീതി കൂട്ടി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഉണ്ടായില്ല. നാലുനിരപ്പാതയുടെ നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും കരയാംപറമ്പ് ജംക്‌ഷന്റെ വികസനം യാഥാർഥ്യമാക്കിയില്ല. അസൗകര്യങ്ങളെ തുടർന്ന് ഒട്ടേറെ അപകടങ്ങളാണു ജംക്‌ഷനിൽ ഉണ്ടായത്.