പരിഹാരമില്ലാതെ നെട്ടൂർ നോർത്തിലെ ജലക്ഷാമം

Mail This Article
നെട്ടൂർ ∙ രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ് നെട്ടൂർ നോർത്ത് നിവാസികൾ. 3 മാസമായി ദുരിതം തുടങ്ങിയിട്ട്. മഴ തുടങ്ങിയിട്ടും പൈപ്പിലൂടെ ജലം വരുന്നില്ല. പ്രതിഷേധങ്ങൾ നടത്തി മടുത്തു. ടാങ്കർ ലോറിയിൽ ജലം എത്തിക്കുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. വെള്ളക്കരം അടയ്ക്കുന്നതു കൂടാതെ കുപ്പി വെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. ഒന്നിടവിട്ട ദിവസങ്ങളിൽ നെട്ടൂരിലേക്കും മരടിലേക്കും ജല വിതരണം നടത്തി പരിഹാരമുണ്ടാക്കാം എന്ന പരീക്ഷണവും പാളിയതോടെ നാട്ടുകാർ സമരത്തിനിറങ്ങി. ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ ഓഫിസിലേക്ക് കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ മാർച്ച് നടത്തി. ഗേറ്റിൽ പൊലീസ് തടഞ്ഞതോടെ ജല അതോറിറ്റി അധികൃതർ സമരക്കാരുമായി ചർച്ച നടത്തി.
ജലവിതരണത്തിൽ കുറവുണ്ടായിട്ടില്ല എന്ന് അധികൃതർ പറഞ്ഞു. പൈപ്പിൽ തടസ്സം ഉണ്ടോയെന്നു പരിശോധിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. തട്ടേക്കാട് ഭാഗത്ത് പൈപ്പ് വേർപെട്ടു കിടന്നത് ശരിയാക്കിയെങ്കിലും ജലത്തിന് ഉദ്ദേശിച്ച മർദം ഇല്ലായിരുന്നു. തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിനു മുന്നിലെ വാൽവ് പരിശോധിച്ചു.
ഈ ഭാഗത്തേക്ക് ജലമെത്തുന്നില്ല. ഇതിനു തൊട്ടു മുൻപുള്ള എസ്എൻ ജംക്‌ഷൻ മുതലാണ് ജലം കിട്ടാത്തത്. ഇന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച് പൈപ്പ് പരിശോധിക്കും. തകരാർ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ പഴഞ്ചൻ പൈപ്പുകൾ പൂർണമായി മാറ്റേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.