ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിന്റെ കണ്ണീർ മായ്ക്കാൻ നടപടിയായി. പാർക്കിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാൻ ഒരുങ്ങി നഗരസഭയും ജിസിഡിഎയും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി പാർക്ക് തുറന്നു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി നഗരസഭാധികൃതർ, ജിസിഡിഎ ടൗൺ പ്ലാനിങ് ബോർഡ് അധികൃതർ, അമൃത് പദ്ധതിയിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത പരിശോധന ഇന്നലെ പാർക്കിൽ നടന്നു. അമൃത് പദ്ധതി പ്രകാരം ലഭിക്കുന്ന 75 ലക്ഷം രൂപയാണ് നഗരസഭ പാർക്കിലേക്കു മുടക്കുന്നത്. പാർക്ക് നവീകരണത്തിനായി ജിസിഡിഎ ഒരു കോടി രൂപയും നഗരസഭയ്ക്കു നൽകും. മൊത്തം 1.75 കോടി രൂപയുടെ നവീകരണ പണികളാണു ആരംഭിക്കുന്നത്. 

പാർക്കിലെ കെട്ടിടങ്ങളും അതുമായി ബന്ധപ്പെട്ടുള്ള പണികളും നഗരസഭയും കുട്ടികളുടെ കളി സ്ഥലവുമായി ബന്ധപ്പെട്ടിട്ടുള്ള പണികളും മറ്റു അനുബന്ധ സജ്ജീകരണങ്ങളും ജിസിഡിഎയും ഒരുക്കാനാണ് പ്രാഥമിക ഘട്ടത്തിലെ തീരുമാനം. കുട്ടികൾക്കായി ഇലക്ട്രിക് കാറുകളും കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഓപ്പൺ ജിമ്മും ഇവിടെ ഒരുക്കും. 

പഴയ ടൈലുകൾ മാറ്റി പുതിയ ടൈലുകളും സ്ഥാപിക്കും. പുതിയ രീതിയിലുള്ള അലങ്കാര വിളക്കുകളും രുക്കുന്നുണ്ട്. ചുമരുകളും കവാടവും വിവിധ ചിത്രങ്ങൾ വരച്ചും അലങ്കാരപ്പണികൾ നടത്തിയും ആകർഷകമാക്കും. കുട്ടികൾക്കായി ഇവിടെയുണ്ടായിരുന്ന പഴയ കളി ഉപകരണങ്ങൾ എല്ലാം മാറ്റി അത്യാധുനിക ഉപകരണങ്ങൾ എത്തിക്കും. പഴയ ഉപകരണങ്ങൾ ലേലം ചെയ്തു വിൽക്കാനുള്ള നടപടിയും ആരംഭിച്ചതായി നഗരസഭാധികൃതർ പറഞ്ഞു. നഗരസഭാധ്യക്ഷ രമ സന്തോഷ്, സെക്രട്ടറി പി.കെ. സുഭാഷ്, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ എം.എം. ഷീബ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.

ഏറെ നാൾ അടഞ്ഞു കിടന്ന പാർക്കിൽ നിലവിൽ കളിയുപകരണങ്ങളടക്കം ഭൂരിഭാഗം സാധനങ്ങളും തുരുമ്പെടുത്തു നശിച്ച അവസ്ഥയിലാണ്. കോവിഡിനെത്തുടർന്ന് അടച്ചിടും വരെ നഗരത്തിരക്കിൽ ഒട്ടേറെപ്പേർക്ക് തണ്ണീർച്ചാൽ പാർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ ആരും ഇങ്ങോട്ട് എത്തുന്നില്ല. ലൈറ്റുകൾ പലതും പ്രവർത്തനരഹിതമാണ്. പെഡൽ ബോട്ടിങ്ങിനു വേണ്ടി നിർമിച്ച പൂൾ വെള്ളം കെട്ടിക്കിടന്ന് വൃത്തിഹീനമായ അവസ്ഥയിലാണ്.

English Summary:

Irumbanam Thanneerchal Park restoration is underway. The municipality and GCDA are collaborating to revive this important green space for the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com