ലഹരി വ്യാപനത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി സിപിഎം

Mail This Article
കൊച്ചി ∙ ലഹരി വ്യാപനത്തിനെതിരെ സിപിഎം ജില്ലയിൽ 15 കേന്ദ്രങ്ങളിൽ മനുഷ്യക്കോട്ട സംഘടിപ്പിച്ചു. ജില്ലയിലാകെ 2 ലക്ഷം പേർ പങ്കാളികളായെന്നു സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.സിപിഎം നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ പ്രതിരോധ സമിതിയുടെ പ്രവർത്തകർ ജില്ലയിലെ മൂന്നര ലക്ഷം വീടുകളിൽ നേരിട്ടെത്തി ലഹരി വിരുദ്ധ സന്ദേശം കൈമാറി, 2937 വീട്ടുമുറ്റ കൂട്ടായ്മകൾ സംഘടിപ്പിച്ചു ലഹരി സംഘങ്ങൾക്കെതിരെ 169 ജനകീയ പ്രതിരോധ സേനയും രൂപീകരിച്ച ശേഷമായിരുന്നു മനുഷ്യക്കോട്ട.
ലഹരിക്കെതിരെ സർക്കാർ ഏജൻസികൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കു പിന്തുണ ഉറപ്പുവരുത്തുകയാണു പ്രതിരോധ സേനയുടെ ലക്ഷ്യം. ഇവ സ്ഥിരം ജാഗ്രത സമിതികളായി പ്രവർത്തിക്കുമെന്നു ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു.
മനുഷ്യക്കോട്ടയുടെ ജില്ലാതല ഉദ്ഘാടനം എംജി റോഡ് രാജാജി റോഡ് ജംക്‌ഷനിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി നിർവഹിച്ചു. ജോസ് ജംക്‌ഷനിൽ നിന്നാരംഭിച്ച് എംജി റോഡ്, ബാനർജി റോഡ്, ഷൺമുഖം റോഡ്, പാർക് അവന്യൂ റോഡ്, ഡിഎച്ച് റോഡ് വഴി ജോസ് ജംക്‌ഷനിൽ സമാപിച്ച 10 കിലോമീറ്റർ ദൂരം പ്രവർത്തകരും അനുഭാവികളും അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സാമൂഹിക, സാംസ്കാരിക, സാമുദായിക നേതാക്കൾ ലഹരിവിരുദ്ധ മനുഷ്യക്കോട്ടയിൽ പങ്കാളികളായി.
പ്രഫ. എം കെ സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പ്രഫ.കെ വി തോമസ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, മേയർ എം. അനിൽകുമാർ, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ഡോ. സിറിയക്, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, നാരായണ കമ്മത്ത്, ഫെഫ്ക ജോയിന്റ് സെക്രട്ടറി ബൈജു രാജ്, ഉഷ പ്രവീൺ, സിയാദ് കോക്കർ എന്നിവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ മനുഷ്യക്കോട്ടയിൽ പങ്കാളികളായി.