ഷോക്കടിപ്പിക്കും വിധം ജിയോ ബാഗ് ഭിത്തി

Mail This Article
വൈപ്പിൻ∙ കടലാക്രമണ പ്രതിരോധത്തിനായി സ്ഥാപിച്ച ജിയോ ബാഗ് ഭിത്തി വൈദ്യുതക്കമ്പിയോട് വളരെ അടുത്തായത് അപകട ഭീഷണി ഉയർത്തുന്നു. എടവനക്കാട് കൂട്ടുങ്കൽച്ചിറ കടപ്പുറത്ത് കഴിഞ്ഞ ദിവസം നിർമാണം തുടങ്ങിയ ജിയോ ബാഗ് ഭിത്തിയെക്കുറിച്ചാണ് പരാതി. ജിയോ ബാഗ് ഭിത്തിയുടെ മുകളിൽ കയറി നിന്നാൽ കുട്ടികൾക്ക് പോലും വൈദ്യുതി കമ്പിയിൽ തൊടാവുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കളിക്കിടെ കുട്ടികൾ വൈദ്യുതകമ്പിയിൽ തൊട്ടത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നാട്ടുകാരാണ് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചത്.
ഭിത്തിയുടെ നിർമാണം ആരംഭിക്കുന്നതിന് മുൻപ് തങ്ങളെ വിവരം അറിയിച്ചിരുന്നില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നു.അതേസമയം മുൻപ് ഭിത്തിയുണ്ടായിരുന്ന സ്ഥലത്താണ് പുതിയ ഭിത്തിക്കായി ജിയോ ബാഗുകൾ നിരത്തിയതെന്നും അപകടസാധ്യത ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും പഞ്ചായത്ത് അംഗം പി.ബി.സാബു പറഞ്ഞു. മണൽ നിറച്ച കൂറ്റൻചാക്കുകൾ അടുക്കി വച്ച ഭിത്തി മാറ്റിസ്ഥാപിക്കുന്നത് ശ്രമകരമായതിനാൽ അപകട സാധ്യത ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് പുറമേ ഭിത്തിക്ക് മുകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള സംവിധാനവും ഒരുക്കും. ഭിത്തിക്ക് മുകളിലൂടെ കടന്നു പോകുന്ന കമ്പികൾ മാറ്റി വൈദ്യുതാഘാത സാധ്യതയില്ലാത്ത കേബിളുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെടാനും ആലോചനയുണ്ട്.