ത്രിഭാഷാ സംവിധാനം തിരക്കിട്ടു വേണ്ട; ലക്ഷദ്വീപിലെ സ്കൂളുകളിൽ നിലവിലുള്ള ഭാഷാ പഠനം തുടരണം: ഹൈക്കോടതി
Mail This Article
കൊച്ചി∙ ലക്ഷദ്വീപിലെ സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിലവിലുള്ള ഭാഷാ പഠന സംവിധാനം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ലക്ഷദ്വീപിലെ പ്രാദേശിക മഹൽ/ അറബിക് ഭാഷകൾ ഒഴിവാക്കി ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നതു നീട്ടിവച്ച ഇടക്കാല ഉത്തരവു തുടരും.സ്കൂൾ സിലബസിൽ നിന്ന് മഹൽ, അറബിക് ഭാഷകൾ ഒഴിവാക്കി ഇംഗ്ലിഷ്, മലയാളം, ഹിന്ദി ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നതിനെതിരെ കൽപേനി ദ്വീപിലെ പി.ഐ. അജാസ് അക്ബർ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പഠനങ്ങളോ ചർച്ചകളോ നടത്താതെയാണു പരിഷ്കരണം നടപ്പാക്കുന്നതെന്ന ആക്ഷേപത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കോടതി വിലയിരുത്തി. വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സാഹചര്യങ്ങൾ സംബന്ധിച്ചു പഠനങ്ങളും ചർച്ചകളും നടത്തിയ ശേഷം ഉത്തരവുകൾക്കായി കോടതിയെ സമീപിക്കാൻ അധികൃതർക്കു സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ മേയ് 14നു പുറപ്പെടുവിച്ച ഉത്തരവാണു ഹർജിയിൽ ചോദ്യം ചെയ്തത്.2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെയും അടിസ്ഥാനത്തിലാണു പരിഷ്കാരം എന്നാണ് ഉത്തരവിലുള്ളത്.
എന്നാൽ കാലങ്ങളായി നിലനിൽക്കുന്ന പാഠ്യപദ്ധതിയിൽ മാറ്റം വരുത്തും മുൻപ്, പ്രാദേശിക സാഹചര്യങ്ങൾക്കും സമൂഹത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങൾക്കും യോജിച്ചതാണോ അതെന്നു പഠനം വേണ്ടിയിരുന്നുവെന്നു കോടതി പറഞ്ഞു. പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളിൽ പൊതുവേ ഇടപെടാറില്ലെങ്കിലും ഇവിടെ സ്ഥിതി അതല്ലെന്നു വിലയിരുത്തിയാണു കോടതി ഇടപെട്ടത്.