രോഗം തളർത്താത്ത പഠനം; പ്രതിസന്ധികളുടെ തീക്കടൽ കടന്ന് ലക്ഷ്മിയുടെ വിജയം

Mail This Article
കൊച്ചി∙ രോഗം തളർത്താത്ത മനസ്സുമായി പുതിയ വിജയ ചരിത്രം എഴുതി മഹാരാജാസ് കോളജിലെ എംഎ മലയാളം വിദ്യാർഥിനി ലക്ഷ്മി ശിവപ്രസാദ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ റെക്കോർഡ് മാർക്കോടെയാണ് ലക്ഷ്മി പാസായത്. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമായാണു ജനിച്ചത്. ഒപ്പം സെറിബ്രൽ പാൾസി രോഗവും. എന്നാൽ പഠനത്തിന്റെ കാര്യത്തിൽ അതൊന്നും ലക്ഷ്മിയെ തളർത്തില്ല. മഹാരാജാസിൽ ബിഎ മലയാളം പരീക്ഷയിലും റെക്കോർഡ് മാർക്കോടെയായിരുന്നു വിജയം.
ഒരു ദിവസം പോലും ക്ലാസിൽ വരാൻ രോഗം ലക്ഷ്മിയെ അനുദിച്ചിരുന്നില്ല. ദീർഘനേരം ഇരിക്കാൻ കഴിയില്ല. ഓൺലൈനായാണ് ക്ലാസുകളെല്ലാം അറ്റൻഡ് ചെയ്തത്. ശസ്ത്രക്രിയയിലൂടെ നടക്കാനുള്ള ശേഷി വീണ്ടെടുത്തെങ്കിലും ഇപ്പോഴും സഹായം ആവശ്യമാണ്. കോളജ് അധികൃതരുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക അനുവാദം നേടിയാണ് കോളജിൽ വരാതെ ലക്ഷ്മി ബിഎ പഠനം പൂർത്തിയാക്കിയത്. എംഎ പഠനം ആരംഭിക്കുന്നതിനു മുൻപ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീട്ടിലെത്തി. തുടർ പഠനത്തിനുള്ള എല്ലാ പിന്തുണയും ഉറപ്പു നൽകി. നന്നായി പഠിച്ച് എംഎക്കും റാങ്ക് നേടുമെന്ന് അന്നേ മന്ത്രിക്ക് ഉറപ്പു കൊടുത്തതാണ് ലക്ഷ്മി.
അച്ഛൻ ശിവപ്രസാദും അമ്മ രജനിയുമാണ് ലക്ഷ്മിയുടെ ബലം. പിന്നെ എന്തിനും ‘കട്ട സപ്പോർട്ടുമായി’ അധ്യാപകരും കൂട്ടുകാരും. ബിഎഡ് അഡ്മിഷനു വേണ്ടി ശ്രമിക്കുകയാണ് ലക്ഷ്മിയിപ്പോൾ. ഒപ്പം യുജിസി നെറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നു. ബിഎഡ് പഠനത്തിന് എന്നും ക്ലാസിൽ പോകേണ്ടി വരും. ബസിൽ പോകാൻ ആരോഗ്യം അനുവദിക്കില്ല. എങ്കിലും തോറ്റുകൊടുക്കാൻ തയാറല്ല. സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാതെ മുന്നോട്ടു പോകാനാണ് ലക്ഷ്മിയുടെ തീരുമാനം.