ADVERTISEMENT

കൊച്ചി ∙ യാത്രക്കാരുടെ നടുവൊടിച്ച് വൈറ്റില മൊബിലിറ്റി ഹബ്. ഹബ്ബിലെ കട്ടകൾ വിരിച്ച ഭാഗമെല്ലാം വലിയ കുഴികളായി മാറിയിട്ടു കാലങ്ങളായി. ഹബ്ബിലൂടെ കയറിയിറങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ നടുവ് ‘ഉളുക്കാതെ’ കടന്നുപോകാനാകാത്ത അവസ്ഥയാണ്. മഴ കനത്തതോടെ ഈ കുഴികളിലെല്ലാം വെള്ളം നിറഞ്ഞു. മഴയ്ക്കു മുൻപു വരെ പൊടിശല്യവും രൂക്ഷമായിരുന്നു.

യാത്രക്കാരെയും ബസ് ജീവനക്കാരെയും ഹബ്ബിലെ സ്റ്റാളുകളിലെ വ്യാപാരികളെയുമെല്ലാം ഒരുപോലെ വലയ്ക്കുന്നതാണു നിലവിലെ അവസ്ഥ. വിവിധ യൂണിയനുകൾ പരാതിയുമായി പലവട്ടം അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഹബ്ബിലേക്കുള്ള പ്രവേശനം തടഞ്ഞ് ബാരിക്കേഡുകൾ വച്ചതോടെ ബസ് ജീവനക്കാർ പ്രതിഷേധിച്ചു. തുടർന്നാണു ബാരിക്കേഡ് മാറ്റിയത്. ഹബ്ബിലെ ഇന്റർലോക്ക് കട്ടകളുടെ ജോലിയുടെ സർവേയ്ക്കായാണ് ബാരിക്കേഡുകൾ വച്ചതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മുൻകൂട്ടി അറിയിക്കാതെയാണു ഹബ്ബിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നു പരാതിയുണ്ട്.

വൈറ്റില ഹബ്ബിൽ കട്ടകൾ ശരിയാക്കുന്ന ജോലി ഉടൻ തുടങ്ങുമെന്ന് അധികൃതർ പറയുന്നു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ധനസഹായത്തോടെ സിഎസ്എംഎൽ ആണു ജോലികളുടെ നടത്തിപ്പ്. ഹബ്ബിലൂടെയുള്ള ബസ് സർവീസുകൾക്കു തടസ്സമാകാത്ത രീതിയിൽ ഘട്ടം ഘട്ടമായി ജോലികൾ പൂർത്തിയാക്കാനാണു പദ്ധതി. ഇതിനൊപ്പം നടപ്പാത നിർമാണം, താൽക്കാലിക പുനരുദ്ധാരണ ജോലികൾ, ഹബ്ബിനു പിന്നി‍ൽ കാടുകയറിക്കിടക്കുന്ന ഭാഗം വൃത്തിയാക്കി പാർക്ക് നിർമാണം എന്നിവയ്ക്കും പദ്ധതിയുണ്ട്. ഇതിനുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. മഴ മാറിയാൽ ജോലികൾ തുടങ്ങുമെന്നും അറിയിച്ചു. ഹബ്ബിനകത്ത് പ്രവർത്തിച്ചിരുന്ന രണ്ട് എടിഎമ്മുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല. യാത്രക്കാർ, ഹബ്ബിലെ വ്യാപാരികൾ എന്നിവരെ ഇതും വലയ്ക്കുന്നുണ്ട്.

English Summary:

Vytilla Mobility Hub potholes are causing severe discomfort for passengers. The damaged roads, worsened by recent rains, are creating a hazardous and bumpy ride for commuters using the hub.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com