ഉയരത്തടയിൽ ചരക്കുലോറി കുടുങ്ങി; പച്ചാളം കുരുങ്ങി

Mail This Article
കൊച്ചി ∙ പച്ചാളം ജംക്‌ഷനിലെ കുരുക്ക് വീണ്ടും മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 3.55ന് ആണ് റെയിൽവേയുടെ ഉയരത്തടയിൽ (ഹൈറ്റ് ബാരിയർ) ചരക്കുലോറിയുടെ മുകൾ ഭാഗം ഉടക്കിയത്. ഉയരത്തടയ്ക്കു താഴെക്കൂടി കടന്നുപോകാൻ കഴിയാതെ വന്നതോടെ ജംക്‌ഷനിലെ കുരുക്കും മുറുകി. ക്ലബ് റോഡ് അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സംഘമെത്തി, കട്ടർ ഉപയോഗിച്ച് ഉയരത്തടയുടെ മുകളിലെ പാളിയുടെ ബോൾട്ടുകൾ ഇളക്കിമാറ്റി. കെഎസ്ഇബി, റെയിൽവേ സംഘങ്ങളും എത്തിയിരുന്നു.
പച്ചാളം ജംക്‌ഷനിലെ കുരുക്കിനു പ്രധാന കാരണമായ, റെയിൽവേയുടെ ഉപേക്ഷിക്കപ്പെട്ട ഇരുമ്പു തൂണുകളുടെയും വേലിയുടെയും ഭാഗങ്ങളും ഉയരത്തടകളും നീക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. വാഹനങ്ങൾ ഇതിൽ തട്ടി അപകടങ്ങളും പതിവാണ്. നടപടിയെടുക്കാമെന്ന് റെയിൽവേയും കെഎസ്ഇബിയും ഉൾപ്പെടെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജംക്‌ഷനിലെ ഉയരത്തട നീക്കാനായി ഇന്ന് വൈദ്യുതിബന്ധം താൽക്കാലികമായി വിഛേദിക്കുമെന്നു കെഎസ്ഇബി റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.