നെട്ടൂരിലെ ജലക്ഷാമം: ജല വിതരണ ശേഷി കൂട്ടും

Mail This Article
നെട്ടൂർ ∙ മാസങ്ങളായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ നെട്ടൂർ നോർത്തിലേക്കുള്ള ജല വിതരണ കുഴലിന്റെ ശേഷി വർധിപ്പിക്കാൻ ശ്രമം തുടങ്ങി. എസ്എൻ ജംക്‌ഷനിൽ ഇതിനായി കുഴി എടുത്തു. ജംക്‌ഷനു പടിഞ്ഞാറ് ഭാഗത്തെ പഴയ പൈപ്പ് മാറ്റിയിടുന്ന ജോലിയും ഇതിനൊപ്പം നടത്തുന്നുണ്ട്. 12 ഇഞ്ച് പൈപ്പാണ് എസ്എൻ ജംക്‌ഷൻ വരെയുള്ളത്.
അവിടെ നിന്ന് 6 ഇഞ്ച് വീതമുള്ള പൈപ്പുകളിലൂടെയാണു വിതരണം. ഇതിൽ നെട്ടൂർ നോർത്ത് ഭാഗത്തേക്കുള്ള പൈപ്പിലേക്ക് കൂടുതലായി 6 ഇഞ്ച് പൈപ്പ് കൂടി ഘടിപ്പിക്കും. ഇതോടെ നോർത്തിലേക്ക് ജലം എത്തുമെന്നാണു പ്രതീക്ഷ. ഇന്നലെ നെട്ടൂർ ഭാഗത്തേക്ക്് ജല വിതരണം ഇല്ലായിരുന്നു. ഇന്ന് പമ്പിങ് ആരംഭിക്കുമ്പോൾ അറിയാനാകും.
ജല വിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയ പരീക്ഷണം പരാജയപ്പെട്ടതോടെയാണ് ജല വിതരണ ശേഷി കൂട്ടാനുള്ള ശ്രമം. വിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയതോടെ ഇപ്പോൾ മരടിലും നെട്ടൂരിലും ജലം കിട്ടാത്ത അവസ്ഥയാണ്. 3 മാസമായി ദുരിതം തുടങ്ങിയിട്ട്. ജന പ്രതിനിധികൾ സമരം നടത്തിയെങ്കിലും ശാശ്വത പരിഹാരമായില്ല.
ക്ഷമ നശിച്ച നാട്ടുകാർ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ ഓഫിസ് ഉപരോധിച്ചിരുന്നു. സമരക്കാർക്കു നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികൾ.