തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം പഴയപടി; നിരക്കു വർധിപ്പിച്ച് റെയിൽവേ

Mail This Article
കൊച്ചി ∙ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പാർക്കിങ് നിരക്കുകളിൽ ‘ഇരുട്ടടി വർധന’. തിരുവനന്തപുരം ഡിവിഷന്റെ കീഴിലെ റെയിൽവേ സ്റ്റേഷനുകളിലാണ് ഈ മാസം നിരക്കു വർധന നടപ്പായത്. ഇരുചക്ര വാഹനങ്ങളുടെ മാസ നിരക്ക് 200ൽ നിന്ന് 600 ആക്കി.
24 മണിക്കൂറിനു ശേഷമുള്ള ടൈം സ്ലാബുകളിൽ കുറവു വരുത്തിയതോടെ ഇതുവഴിയും പാർക്കിങ് ഫീസിൽ കാര്യമായ വ്യത്യാസമുണ്ട്. പഴയ നിരക്കിൽ നിന്നു 20% മുതൽ 50% വരെ നിരക്കു കൂടിയെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പലയിടത്തും പാർക്കിങ് സൗകര്യങ്ങൾ കൂട്ടിയിട്ടില്ല.
സീസൺ ടിക്കറ്റ് നിരക്കിലും ഇരട്ടിയിലേറെ തുക ഇരുചക്ര വാഹനപാർക്കിങ്ങിന് ഒരു മാസം മുടക്കേണ്ടി വരുന്നവർ ഏറെ. പല സ്ഥലങ്ങളിൽ നിന്ന് ജോലിക്കായി എറണാകുളം സൗത്ത്, നോർത്ത്, ആലുവ, തൃപ്പൂണിത്തുറ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ദിവസവും വന്നുപോകുന്ന ഒട്ടേറെപ്പേരുണ്ട്. സാധാരണക്കാരായ സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നതാണു പുതിയ നിരക്കുകൾ.
മുൻപ് ഓട്ടോറിക്ഷകൾക്കും കാറിനും പ്രത്യേക നിരക്കുകളായിരുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറി അനുസരിച്ചായിരുന്നു നേരത്തെ നിരക്ക് ഈടാക്കിയിരുന്നത്. ഈ രീതിയിലും മാറ്റമുണ്ട്. 2017ലാണ് റെയിൽവേ അവസാനമായി പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചത്. നിരക്കു വർധന പിൻവലിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
നവീകരണം നടക്കുന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ താൽക്കാലിക മേൽക്കൂരയും സിസിടിവി ക്യാമറയുമുള്ള പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 3– 4 ചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ടു മണിക്കൂർ 30 രൂപയും 72 മണിക്കൂർ മുതൽ 96 മണിക്കൂർ വരെ 600 രൂപയുമാണ് ഈടാക്കുന്നത്. 96 മണിക്കൂർ കഴിഞ്ഞാൽ പിന്നീടുള്ള ഓരോ ദിവസവും 200 രൂപ വീതം ഈടാക്കും.