ശബരി റെയിൽപാത: ജീവിതങ്ങൾക്ക് വീണ്ടും പ്രതീക്ഷയുടെ പുതുവഴി

Mail This Article
മൂവാറ്റുപുഴ∙ പൊളിഞ്ഞു വീഴാറായ വീടുകളിൽ നിന്നിറങ്ങേണ്ടി വന്നവരും കടക്കെണിയിൽ ജീവിതം വഴിമുട്ടിയവരും മക്കളുടെ വിവാഹം നടത്താൻ പോലും കഴിയാതെ വിഷമിക്കുന്നവരുമെല്ലാം ഒരു പുതുജീവിതം പ്രതീക്ഷിക്കുകയാണിപ്പോൾ. ശബരിപാത നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും നടപടികൾ വേഗത്തിലാക്കി ഭൂമിയേറ്റെടുത്ത് നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകണമെന്നാണ് ഇവരുടെയാവശ്യം.
ശബരിപാത യാഥാർഥ്യമാകുമെന്ന പ്രഖ്യാപനം പലവട്ടം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇത്തവണത്തെ പ്രഖ്യാപനവും തിരഞ്ഞെടുപ്പിനു മുൻപുള്ള പാഴ്‌വാക്കായി കാണുന്നവരുണ്ട്. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ശബരി പാതയുടെ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ കണ്ടെത്തിയ കിഴക്കേക്കരയിൽ 53 കുടുംബങ്ങളെയാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഇവിടെ കല്ലിടുകയും ചെയ്തു. വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്ത സ്ഥിതിയിലാണ് നിലവിൽ ഈ വീട്ടുകാർ.
ശബരി പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കുമ്പോൾ പദ്ധതി അനന്തമായി നീണ്ടുപോകുമെന്ന് ഒരിക്കൽപോലും പ്രതീക്ഷിച്ചില്ല. വീട്ടിലെ വിവാഹത്തിനു പോലും ഭൂമി പണയപ്പെടുത്താനാകാത്ത സ്ഥിതിയായി. ഭൂമി വിൽക്കാനോ, വീടുകളുടെ അറ്റകുറ്റപ്പണി നടത്താനോ പറ്റുന്നില്ല. വായ്പ എടുത്തവരുടെ അവസ്ഥയാണ് എറ്റവും ദയനീയം. ശബരിപാതയ്ക്കു ഭൂമിയേറ്റെടുക്കുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാരത്തുക കൊണ്ട് വായ്പ അടച്ചു തീർക്കാമെന്നു കരുതിയവർക്ക് വായ്പാകുടിശിക മൂന്നും നാലും ഇരട്ടിയായി വർധിക്കുന്നത് കാണേണ്ടി വന്നു. ഭൂമി പണയംവച്ച് വായ്പ എടുത്തവരിൽ പലരും ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുകയാണ്.
ശബരി പാതയ്ക്കായി ഏറ്റെടുത്തതിനാലും പല ഭൂമിയും രേഖകളിൽ നിലമെന്ന് ചേർത്തിരിക്കുന്നതിനാലും വായ്പക്കാരുടെ ഭൂമി സർഫാസി നിയമപ്രകാരം ജപ്തി ചെയ്യാനാകുമോയെന്ന ആശയക്കുഴപ്പം ബാങ്കുകൾക്കുമുണ്ട്. കടബാധ്യതക്കാരായ പല ഭൂവുടമകളും ഇപ്പോഴും സ്വന്തം വീടുകളിൽ തുടരുന്നത് ഇതുമൂലമാണ്. എന്നാൽ പലരുടെയും വായ്പാത്തുക, പലിശ വർധിച്ച് ഇരട്ടിയും മൂന്നിരട്ടിയുമൊക്കെ ആയിക്കഴിഞ്ഞു. പദ്ധതി ഇനിയും നീണ്ടാൽ ഭൂമി വിറ്റാലും കടം തീരാത്ത സ്ഥിതിയാകുമോയെന്നാണ് ഇവരുടെ ആശങ്ക.