ചെല്ലാനം, കണ്ണമാലി മേഖലയിൽ കടലാക്രമണം തടയാൻ അടിയന്തര നടപടിയെടുക്കണം: ഹൈക്കോടതി
Mail This Article
കൊച്ചി∙ ചെല്ലാനം, കണ്ണമാലി മേഖലയിൽ കടലാക്രമണം തടയാനുള്ള അടിയന്തര സുരക്ഷാ നടപടികളെടുക്കാൻ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇറിഗേഷൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ഹർജിക്കാരുടെ അഭിഭാഷകരെയും ഉൾപ്പെടുത്തി യോഗം ചേർന്നു തീരുമാനമെടുക്കണം. കടലാക്രമണം തടയാനുള്ള താൽക്കാലിക സംവിധാനം എന്ന നിലയിൽ ജിയോ ബാഗ് സ്ഥാപിക്കാൻ 2 മാസം വേണമെന്നു സർക്കാർ പറഞ്ഞതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
ചെല്ലാനം–ഫോർട്ട് കൊച്ചി തീര മേഖലയിലെ കടലാക്രമണ ഭീഷണിക്കു പരിഹാരം തേടി ടി.എ.ഡാൽഫിൻ തുടങ്ങിയ നാട്ടുകാർ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദേശം. താൽക്കാലിക പരിഹാരമായി ജിയോ ബാഗ് സ്ഥാപിക്കാൻ ഇത്രയും വൈകുന്നത് എന്തിനാണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. ഈ സമയം കൊണ്ടു വർഷകാലം കഴിയും. പദ്ധതിയുടെ രൂപരേഖ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം മതിയാകുമെന്നാണു മനസ്സിലാകുന്നതെന്നും പറഞ്ഞു. തുടർന്നാണു ചർച്ച ചെയ്തു തീരുമാനമെടുക്കാൻ നിർദേശിച്ചത്.
ചെല്ലാനം– ഫോർട്ട് കൊച്ചി തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം 10 കിലോമീറ്ററിലേറെ പൂർത്തിയാകാനുണ്ട്. കടൽ ഭിത്തിയില്ലാത്ത ഭാഗത്തെ കടലേറ്റം തടയാൻ താൽക്കാലിക പരിഹാരം എന്ന നിലയിലാണു ജിയോ ബാഗുകൾ സ്ഥാപിക്കണമെന്ന നിർദേശം ഹർജിക്കാർ മുന്നോട്ടുവച്ചത്.