വള്ളങ്ങൾ കടലിലേക്ക്; വലയൊരുക്കം തകൃതി

Mail This Article
വൈപ്പിൻ∙ ട്രോളിങ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ ഒഴിഞ്ഞ കടലിൽ മീൻ കൊയ്ത്തിനിറങ്ങാൻ വള്ളങ്ങൾ ഒരുങ്ങുന്നു. ഒരു വിഭാഗം വള്ളങ്ങൾ ഇപ്പോൾ തന്നെ മത്സ്യബന്ധനത്തിന് കടലിൽ ഉണ്ട്. മറ്റുള്ളവർ പുതിയ വലകളും മറ്റും ഒരുക്കുന്ന തിരക്കിലാണ്.പരമ്പരാഗത വള്ളങ്ങളെ സംബന്ധിച്ചിടത്തോളം കൂടിയ തോതിൽ മീൻ ലഭിക്കുന്ന സമയമാണിത്. തീരക്കടലിൽ ഇതിനകം തന്നെ ചാളയുടെ സാന്നിധ്യം ദൃശ്യമായത് കൂടുതൽ പ്രതീക്ഷ പകരുന്നതായി എടവനക്കാട് കേന്ദ്രീകരിച്ച് കടലിലിറങ്ങുന്ന ‘ഉമാമഹേശ്വരൻ ’ വള്ളത്തിന്റെ ലീഡറായ ജയദീപ് അഞ്ചുതൈക്കൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ വള്ളങ്ങൾക്ക് ഇടത്തരം വലുപ്പമുള്ള ചാള കാര്യമായി ലഭിച്ചിരുന്നു. രുചിയിലും പിന്നിലല്ലാത്ത ഇവ കിലോഗ്രാമിന് 150 രൂപ വരെ തോതിൽ ആയിരുന്നു വിൽപന. മാർക്കറ്റിൽ വില 200 രൂപ വരെയായി. അയലയും വള്ളങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാറ്റിലും മഴയിലും കടൽ ഇളകി മറിഞ്ഞാൽ പൂവാലൻ ചെമ്മീൻ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
പുതിയ വല വാങ്ങുന്നത് ലക്ഷങ്ങളുടെ പണച്ചെലവുള്ള കാര്യമായതിനാൽ അറ്റകുറ്റപ്പണി നടത്തി പഴയ വല തന്നെയാണ് പല വള്ളക്കാരും ഉപയോഗിക്കുന്നത്. ആവശ്യമെങ്കിൽ പുതിയ വല കൂട്ടിച്ചേർക്കുകയും ചെയ്യും. 3000 കിലോഗ്രാം വലയാണ് അൻപതോളം പേർ ജോലി ചെയ്യുന്ന ഒരു വള്ളത്തിൽ വേണ്ടത്. ഒരു കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിലാണ് നിലവിൽ വലയുടെ വില. പലപ്പോഴും വള്ളങ്ങളിലെ തൊഴിലാളികൾ തന്നെയാണ് വല സെറ്റ് ചെയ്യുന്നത്. ആവശ്യമെങ്കിൽ ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിദഗ്ധ തൊഴിലാളികളും ഒപ്പം ചേരും.