ADVERTISEMENT

തൊടുപുഴ ∙ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ പൊട്ടിത്തെറിച്ചതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി നിർത്തിവച്ച മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവർത്തനം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു. പൊട്ടിത്തെറിയിൽ കെഎസ്ഇബിക്ക് 5 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണു പ്രാഥമികനിഗമനം.  പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അറിയാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി.വിനോദിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പരിശോധനയ്ക്കെത്തി.

വൈദ്യുത നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിനോടനുബന്ധിച്ചുള്ള എക്‌സിറ്ററിലാണു തിങ്കളാഴ്ച രാത്രി 9.15നു പൊട്ടിത്തെറി ഉണ്ടായത്. പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നു കെഎസ്ഇബി വൃത്തങ്ങൾ പറഞ്ഞു. എക്‌സിറ്ററിനു സമീപം എൻജിനീയർമാർ ഇരിക്കുന്ന ക്യാബിനും പൊട്ടിത്തെറിയിൽ തകർന്നു. പകൽ ഒട്ടേറെ ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന സ്ഥലത്താണു രാത്രി പൊട്ടിത്തെറി ഉണ്ടായത്.

പുക ശ്വസിച്ചു ശ്വാസതടസ്സം ഉണ്ടായതിനാൽ അസി. എൻജിനീയർ സമ്പത്ത്, കരാർ ജീവനക്കാരനായ എബിൻ രാമചന്ദ്രൻ എന്നിവരെ തിങ്കളാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകരാർ പരിഹരിക്കാൻ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വേണമെന്നാണു കണക്കാക്കുന്നത്. മന്ത്രി എം.എം.മണി ഇന്നലെ വൈദ്യുത നിലയത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എത്രയും വേഗം നിലയം പ്രവർത്തനക്ഷമമാക്കാൻ മന്ത്രി നിർദേശം നൽകി. 45 വർഷം പഴക്കമുള്ള യന്ത്രഭാഗങ്ങളാണു വൈദ്യുത നിലയത്തിലുള്ളത്.  ഇതിൽ ചിലതു നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com