കുട്ടികളെ തട്ടാൻ സംഘം, തട്ടിപ്പിന് ഗർഭിണി വേഷവും; പ്രത്യേകം ശ്രദ്ധിക്കണം, പൊലീസ് പറയുന്നു

തൊടുപുഴയ്ക്കു സമീപം ഇടവെട്ടി സ്വദേശിയുടെ ഒന്നര വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആന്ധ്ര ചിറ്റൂർ സ്വദേശിനി ഷമീം ബീവി (സുമയ്യ) യെ തെളിവെടുപ്പിനായി ഇടവെട്ടിയിലെ വീട്ടിൽ എത്തിച്ചപ്പോൾ.		ചിത്രം: മനോരമ.
തൊടുപുഴയ്ക്കു സമീപം ഇടവെട്ടി സ്വദേശിയുടെ ഒന്നര വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആന്ധ്ര ചിറ്റൂർ സ്വദേശിനി ഷമീം ബീവി (സുമയ്യ) യെ തെളിവെടുപ്പിനായി ഇടവെട്ടിയിലെ വീട്ടിൽ എത്തിച്ചപ്പോൾ. ചിത്രം: മനോരമ.
SHARE

നെടുങ്കണ്ടം ∙ നാടോടി സംഘങ്ങളുടെ  മറവിൽ കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങൾ ജില്ലയിൽ. ലോ റേഞ്ചിലും, ഹൈറേഞ്ചിലും നാടോടി സംഘങ്ങളുടെ വൻ സാന്നിധ്യമുണ്ട്.  നാടോടി സംഘങ്ങളെക്കുറിച്ച് ജില്ലയിൽ സംസ്ഥാന ഇന്റലിജൻസ്  വിഭാഗം പരിശോധന ആരംഭിച്ചു. ഇന്നലെ തൊടുപുഴയ്ക്കു സമീപം ഇടവെട്ടി സ്വദേശിയുടെ  ഒന്നര വയസ്സുകാരി മകളെ തട്ടിക്കൊണ്ടു  പോകാൻ ആന്ധ്ര ചിറ്റൂർ സ്വദേശിനി ഷമീം ബീവി(സുമയ്യ)ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഷമീം ബീവിയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. 

സമീപ കാലത്തായി ജില്ലയിലെ ഗ്രാമീണ മേഖലകളിലടക്കം ആന്ധ്രാ, തമിഴ്നാട്, ഒഡീഷ, കർണാടക  എന്നിവിടങ്ങളിൽ നിന്നു വൻ തോതിലാണ് നാടോടി സംഘങ്ങൾ ജില്ലയിൽ തമ്പടിച്ചിരിക്കുന്നത്. ഓരോ സീസണുകളിലും ആക്രി സാധനങ്ങൾ പെറുക്കുന്നതിനും കരകൗശല വിൽപന, വീടുകളിൽ നിന്നും തുണി ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനുമാണ് നാടോടി സംഘം എത്തുന്നത്. ഇതിന്റെ മറവിൽ , വീടുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളടക്കം കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 

തട്ടിപ്പിന് ഗർഭിണി വേഷവും

ജില്ലയിൽ നാടോടി സംഘങ്ങൾ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗർഭിണിയെന്ന വ്യാജേനയാണ്. പല വീടുകളിലും ക്ഷീണം അഭിനയിച്ച് എത്തും. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകും. ഇതിനു പുറമേ ഭക്ഷണവും നൽകും. ഇത്തരം മുതലെടുപ്പിനാണു ഗർഭിണിയുടെ വേഷം. പുരുഷൻമാർ ജോലിക്കു പോകുന്ന വീടുകൾ കണ്ടെത്തി പകൽ സ്ത്രീകൾ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്.

കയ്യിലുള്ളത് സ്വന്തം കുട്ടികളല്ല

സംസ്ഥാനത്തു നാടോടി സംഘങ്ങളിൽ നിന്നും കണ്ടെത്തിയ കുട്ടികളിൽ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളിൽ കടത്തിക്കൊണ്ട് വന്നതാണ്. ഇത്തരം സംഭവങ്ങളിൽ കുട്ടികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിച്ചതോടെ ഒന്നിലധികം കുട്ടികളുമായി നാടോടി സ്ത്രീകൾ വീടുകൾ കയറി ഇറങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളും വ്യാപകമാണ്. 

ടൗൺ മേഖലകളിൽ പൊലീസ് പരിശോധന വ്യാപകമായതോടെ ഗ്രാമീണ മേഖലകളിലാണ് നാടോടി സംഘം തമ്പടിച്ചിരിക്കുന്നത്.  ഹൈറേഞ്ച് മേഖലയിൽ പുലർച്ചെ തമിഴ്നാട്ടിൽ നിന്നും നാടോടികൾ എത്തും. വൈകിട്ട്  തിരികെ മടങ്ങും. കമ്പം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. നാടോടി സംഘങ്ങളെ കുറിച്ചു സംശയം തോന്നിയാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ കൈമാറാം. കൺട്രോൾ റൂമിലും (100) വിവരം അറിയിക്കാം.

പ്രത്യേകം ശ്രദ്ധിക്കണം, പൊലീസ് പറയുന്നു

∙ പകലും, രാത്രിയിലും അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുകയും പൂട്ടിയെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

∙ എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുക.

∙വാതിലിന്റെ പിന്നിൽ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും.

∙ജനൽ പാളികൾ രാത്രി അടച്ചിടുക.

∙വീടിനു പുറത്തും അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.

∙കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ, ഗോവണി എന്നിവ വീടിനു പുറത്ത് സൂക്ഷിക്കരുത്.

∙രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്.

∙രാത്രികാലത്ത് കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയും വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.

∙ കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
FROM ONMANORAMA