ADVERTISEMENT

തൊടുപുഴ ∙ മ്രാല പി.ഓ, ഈ വിലാസം ഇനി ഓർമങ്ങളിൽ മാത്രം. മ്രാല പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം നിലയ്ക്കുന്നു. പോസ്റ്റ് മാസ്റ്ററായ കാർത്യായനി അടുത്ത മാസം സർവീസിൽ നിന്നു വിരമിക്കുന്നതോടെ ്മ്രാലക്കാരുടെ പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനവും നിൽക്കും. കത്തുണ്ടോ എന്ന് ചോദിച്ച് എല്ലാവരും പോസ്റ്റോഫിസിലേക്കാണ് സാധാരണ പോകാറുള്ളതെങ്കിലും മ്രാലയിലെ നാട്ടുകാർ പോകുന്നത് കാർത്യായനി ചേച്ചിയുടെ വീട്ടിലേക്കാണു പോകുന്നത്. കാരണം കാർത്യായനിയുടെ കൊച്ചു വീട്ടിലാണ് മ്രാലയിലെ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ജീവിക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായാണ് കാർത്യായനി തന്റെ വീടിനെ പോസ്റ്റോഫിസാക്കി മാറ്റിയത്.

തൊടുപുഴയ്ക്കു സമീപം മ്രാലയിൽ 1980 ലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് നിലവിൽ വരുന്നത്. 80 രൂപയായിരുന്നു അന്നത്തെ ശമ്പളം. 15 രൂപ  വാടകയ്ക്ക് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പോസ്റ്റോഫിസ് പ്രവർത്തിച്ചിരുന്നത്. ആദ്യം ജോലിയേറ്റെടുത്തയാൾ അധ്യാപക ജോലി ലഭിച്ചതിനെ തുടർന്ന് പിന്മാറിയതോടെ കാർത്യായനി ജോലി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ കെട്ടിട ഉടമ വാടക കൂട്ടിയത് ഇവരെ പ്രതിസന്ധിയിലാക്കി. കെട്ടിടത്തിന്റെ വാടക ശമ്പളത്തിൽനിന്ന് നൽകുകയാണ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാർ ചെയ്യുന്നത്.

പോസ്റ്റോഫിസ് കെട്ടിടം പ്രവർത്തിക്കാൻ  കൂടുതൽ വാടക നൽകാൻ നിവൃത്തിയില്ലാതെയാണ് കാർത്യായനി സ്വന്തം വീട് തന്നെ പോസ്റ്റോഫിസാക്കി മാറ്റിയത്. ഇപ്പോൾ ഈ  വീടിന്റെ ഒറ്റമുറിയിലാണ് മ്രാലയിലെ കത്തിടപാടുകൾ നടക്കുന്നത്. വെളിച്ചം കുറവായതിനാൽ മിക്കപ്പോഴും വീടിന്റെ തിണ്ണയിലാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഒന്നര പതിറ്റാണ്ടായി കാർത്യായനി വീടിന്റെ ഇടുങ്ങിയ വരാന്തയിൽ സേവനം തുടരുന്നു. ഭർത്താവും മകനും കൂലിപ്പണിക്കാരാണ്.സ്വന്തമായി മുറിയില്ലാത്തതിനാൽ തപാൽ വകുപ്പിന്റെ കംപ്യൂട്ടർവൽകരണമൊന്നും മ്രാലയിലെത്തിയിട്ടില്ല. ഒരു ഫോൺ പോലും ഇവിടില്ല. സഹായിയായി ഒരു പോസ്റ്റ്മാൻ ഉണ്ട്്.

വിരമിക്കൽ കാലംവരെ മ്രാല പി.ഒ തന്റെ വീട്ടിൽ തന്നെ പ്രവർത്തനം നടത്താൻ കാർത്യായനി തീരുമാനിക്കുകയായിരുന്നു. അടുത്ത മാസം വിരമിക്കുന്നതിനാൽ തന്റെ വീട്ടിൽ നിന്നു പോസ്റ്റ് ഓഫിസ് മാറ്റണമെന്ന് കാർത്യായനി പോസ്റ്റൽ അധികാരികളെ അറിയിച്ചു. പുതിയ കെട്ടിടം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചെറിയ പോസ്റ്റ് ഓഫിസുകൾ പഞ്ചായത്ത് സൗജന്യമായി നൽകുന്ന മുറികളിലാണ് പ്രവർത്തിക്കുന്നത്. ഇതനുസരിച്ച് 200 ആളുകൾ ഒപ്പിട്ട് കരിങ്കുന്നം പഞ്ചായത്തിന് അപേക്ഷ നൽകിയെങ്കിലും ഇനിയും പഞ്ചായത്തിൽ നിന്നും അനുകൂല തീരുമാനമായില്ല. അടുത്ത മാസം കാർത്യായനി സർവീസിൽ നിന്നു വിരമിക്കുന്നതോടെ മ്രാല പിഒ ഓർമയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com