ADVERTISEMENT

ഉപ്പുതറ ∙ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നടത്തിയ മെഗാ അദാലത്തിലേക്ക് പരാതികളുടെ കുത്തൊഴുക്ക്. 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു നടത്തിയ അദാലത്തിൽ 301 പരാതികളാണ് രേഖാമൂലം ലഭിച്ചത്. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും പട്ടികവർഗ വകുപ്പിന്റെയും സഹകരണത്തോടെ ആയിരുന്നു പരിപാടി. ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി വനമേഖലയിൽ താമസിക്കുന്ന 12 ആദിവാസി കുടികളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് പരാതികളുമായി എത്തിയത്.

വനം, റവന്യു, പൊലീസ്, എക്‌സൈസ്, പട്ടികവർഗ വകുപ്പുകൾക്ക് എതിരെയാണ് കൂടുതലായി പരാതികൾ ലഭിച്ചത്. അടിസ്ഥാന ആവശ്യങ്ങളായ റോഡ്, ശുദ്ധജലം, വീട് തുടങ്ങിയവയ്ക്കായുള്ള വികസന പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ എതിർപ്പ് തടസ്സമാകുന്നെന്നായിരുന്നു കൂടുതൽ പരാതികൾ. ഇതുസംബന്ധിച്ചു പരാതിപ്പെട്ടാൽ പട്ടികവർഗ വകുപ്പ് ഇടപെടുന്നില്ലെന്ന പരാതികളും ലഭിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗവും മറ്റും സംബന്ധിച്ച വിവരങ്ങൾ നൽകിയാലും എക്‌സൈസ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതികളും ഉണ്ടായി.

റേഷൻ ഉൽപന്നങ്ങൾക്കു ഗുണമേൻമ ഇല്ലെന്നും വിതരണത്തിൽ ക്രമക്കേടു നടക്കുന്നതായും പരാതികൾ ഉയർന്നു. ഇത്തരം വിഷയങ്ങൾ സംബന്ധിച്ചു രേഖാമൂലം ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾക്ക് കൈമാറി. ഒരു മാസത്തിന് ഉള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ അതോറിട്ടി ഇടപെടുമെന്നും അറിയിച്ചിട്ടുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദിനേശ്.എം.പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സിറിയക് തോമസ്, ഷീബ സത്യനാഥ്, കെ.കെ.ബാലകൃഷ്ണൻ, ജയിംസ് കാപ്പൻ, ആർ.വിഷ്ണു എന്നിവർ നേതൃത്വം നൽകി.

ഭക്ഷണവും ശുദ്ധജലവും  ഇല്ലാതെ അദാലത്ത്

കണ്ണംപടി ഗവ. ട്രൈബൽ സ്‌കൂളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നടത്തിയ മെഗാ അദാലത്തിന് എത്തിയവർ ഭക്ഷണവും ശുദ്ധജലവും ലഭിക്കാതെ ബുദ്ധിമുട്ടി. ഇതുമൂലം രാവിലെ 10 മുതൽ 5 വരെ നിശ്ചയിച്ചിരുന്ന അദാലത്ത് 2.30ന് അവസാനിപ്പിക്കേണ്ടി വന്നു. ഭക്ഷണം നൽകാൻ ക്രമീകരണം ഒരുക്കിയിരുന്നെങ്കിലും ചിലരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലം പാചകം ചെയ്യാൻ സാധിക്കാതെ വരുകയായിരുന്നു. 1000 പേർക്ക് ഭക്ഷണം നൽകാൻ മുൻകൂട്ടി നിശ്ചയിക്കുകയും അതിനായുള്ള അരിയും പച്ചക്കറികളും ഉൾപെടെയുള്ള സാധനങ്ങൾ സ്‌കൂളിൽ എത്തിക്കുകയും ചെയ്തു.

പാചകം ചെയ്യാൻ 60 പേരെ നിയോഗിച്ചിരുന്നെങ്കിലും സ്‌കൂളിന്റെ പാചകപ്പുര തുറന്നു നൽകാൻ ഹെഡ്മാസ്റ്റർ തയാറായില്ലെന്നാണ് സംഘാടകരുടെ പരാതി. എന്നാൽ അദാലത്ത് സംഘടിപ്പിക്കാൻ സ്‌കൂൾ ഹാൾ നൽകണമെന്ന് മാത്രമാണ് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫിസർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നതെന്ന് ഹെഡ്മാസ്റ്റർ കെ.വിവേകാനന്ദൻ പറഞ്ഞു.അതിനുശേഷം പാചകം ചെയ്യാനുള്ള സാധനങ്ങൾ കൊണ്ടുവന്നപ്പോൾ പാചകപ്പുര തുറന്നു നൽകുകയും ചെയ്തു.

എന്നാൽ വെള്ളിയാഴ്ച രാത്രി 11ന് മുൻപരിചയം ഇല്ലാത്ത വ്യക്തി വന്ന് പാചകപ്പുരയുടെ താക്കോൽ ചോദിച്ചു. വിലപിടിപ്പുള്ള പല സാധനങ്ങളും അവിടെ സൂക്ഷിച്ചിരുന്നതിനാൽ താക്കോൽ നൽകിയില്ല. ഉത്തരവാദിത്തപ്പെട്ടവർ എത്തിയാൽ താക്കോൽ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരും എത്തിയില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. പാചകം ചെയ്യാൻ കഴിയാത്തതിനാൽ അരിയും പച്ചക്കറികളും പിന്നീട് പാവപ്പെട്ട ആദിവാസികൾക്കു നൽകുകയാണ് ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com