ADVERTISEMENT

നെടുങ്കണ്ടം ∙ എൽകെജി വിദ്യാർഥിനിയായ മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞു നശിപ്പിച്ച് പിതാവിനോടു പൊലീസിന്റെ പരാക്രമം. ബൈക്ക് പൊലീസ് പിടിച്ചെടുത്തതോടെ വീട്ടിലേക്കു പോകാനാകാതെ പിതാവിനും പിഞ്ചുകുഞ്ഞിനും റോഡരികിൽ രണ്ടു മണിക്കൂറോളം കുത്തിയിരിക്കേണ്ടിയും വന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിനു മുന്നിലാണ് പൊലീസ് അതിക്രമം നടന്നതായി പരാതി ഉയർന്നിരിക്കുന്നത്.

നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ് ഏബ്രഹാം (പ്രിൻസ് –29) ആണു പരാതിക്കാരൻ. സ്കൂൾ വിട്ടു വരുന്ന എൽകെജി വിദ്യാർഥിനിയായ മകളെ കാത്തുനിന്ന തന്നെ നെടുങ്കണ്ടം സിഐ അധിക്ഷേപിച്ചെന്നും   ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തെന്നും  ഫിലിപ് ഏബ്രഹാം   പറയുന്നു. മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ സിഐ റോഡിൽ എറിഞ്ഞുനശിപ്പിച്ചതായും ആരോപണമുണ്ട്. സിഐ വാഹനം കൊണ്ടുപോയതോടെ ഫിലിപ്പും മകളും റോഡരികിൽ 2 മണിക്കൂർ ഇരുന്നു പ്രതിഷേധിച്ചു.

സംഭവത്തെക്കുറിച്ചു ഫിലിപ്പ് പറയുന്നത്: ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു സ്കൂളിൽ നിന്നു മകൾ എത്തുന്നതും കാത്ത് നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു. സ്കൂൾ വിട്ടെത്തുന്ന മകളെ വീട്ടിലേക്കു കൊണ്ടുപോകാൻ ദിവസവും ഇവിടെ കാത്തിരിക്കാറുണ്ട്. സുഹൃത്തിന്റെ ബൈക്കുമായാണ് ഇന്നലെ എത്തിയത്‌. ബൈക്കിൽ ഇരിക്കുന്നതിനിടെ നെടുങ്കണ്ടം സിഐ സി.ജയകുമാർ സ്ഥലത്തെത്തി. വാഹനത്തിലിരുന്ന സിഐ എന്തോ ചോദിച്ചതു കേൾക്കാൻ കഴിഞ്ഞില്ല.

‘എന്താണ് സാർ ചോദിച്ചത്’ എന്നു തിരിച്ചു ചോദിച്ചതോടെ സിഐ ക്ഷുഭിതനായി. വാഹനത്തിൽ നിന്നു പുറത്തിറങ്ങി, മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ റോഡിലെറിഞ്ഞു നശിപ്പിച്ചു. ഇതിനു ശേഷം സ്റ്റേഷനിൽ നിന്നു പൊലീസുകാരനെ എത്തിച്ച് താൻ വന്ന ബൈക്ക് കൊണ്ടുപോയി. തിരിച്ചറിയൽ രേഖകൾ അടക്കം സിഐയെ കാണിച്ചെങ്കിലും വാഹനം തിരികെ നൽകാൻ തയാറായില്ല. സംഭവം സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിക്കും കോടതിക്കും പരാതി നൽകുമെന്നു ഫിലിപ്പ് പറഞ്ഞു. എന്നാൽ,

സമീപത്തെ സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് യോഗത്തിൽ പങ്കെടുക്കാനാണു താൻ എത്തിയതെന്നും ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ സ്കൂൾ പരിസരത്ത് എത്തിയതു ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും സിഐ പറയുന്നു. സ്കൂൾ പരിസരത്ത് ഇരുചക്രവാഹനങ്ങളിലെത്തി തമ്പടിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് അധ്യാപക രക്ഷാകർതൃസമിതി പരാതിപ്പെട്ടിരുന്നു. ബൈക്കിന്റെ രേഖകൾ കൈവശം ഇല്ലാത്തതിനാലാണു വാഹനം കസ്റ്റഡിയിൽ എടുത്തതെന്നും സിഐ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com