ADVERTISEMENT

‘സാറേ.. വയറുവേദനയ്ക്കു ഗുളിക വാങ്ങാൻ ഇറങ്ങീതാണേ’, അമ്മൂമ്മയ്ക്കു മുറുക്കാൻ വാങ്ങാൻ വന്നതാ...’ ലോക്ഡൗൺ സമയത്ത് റോഡിലിറങ്ങിയവരെ തടഞ്ഞുനിർത്തി പൊലീസ് കാരണം ചോദിക്കുമ്പോൾ കിട്ടുന്നത് ഇജ്ജാതി മറുപടികളാണ്. ചിലർ റോഡിലിറങ്ങുന്നതാകട്ടെ ആരെങ്കിലും റോഡിലിറങ്ങുന്നുണ്ടോ എന്നു നോക്കാനാണ്!! ‘കോവിഡ് കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ച് പൊരിവെയിലത്തു നിൽക്കുന്ന ഞങ്ങളെ നിങ്ങൾക്കു പറ്റിക്കാം, കൊറോണ വൈറസിനെ പറ്റിക്കാനാവുമോ?’ – പൊലീസുകാർ ചോദിക്കുന്നു. എന്തായാലും അനാവശ്യമായി കറങ്ങിനടക്കുന്നവർക്ക് പണി കൊടുക്കാനാണ് പൊലീസിന്റെ തീരുമാനം. കോവിഡ് കാലത്തെ ചില നമ്പറുകൾ ഇങ്ങനെ...  

പനിയാണെന്നു നമ്പർ ഇറക്കി; പണി കിട്ടി

തൊടുപുഴ നഗരത്തിനു സമീപമാണ് സംഭവം. പൊലീസ് പരിശോധനയ്ക്കിടെ 2 യുവാക്കൾ ബൈക്കിലെത്തി. എങ്ങോട്ടു പോകുകയാണെന്നു പൊലീസ് ചോദിച്ചപ്പോൾ ഒരാൾക്കു കടുത്ത പനിയാണെന്നും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോകുകയാണ് എന്നുമായിരുന്നു മറുപടി. സംശയം തോന്നി പൊലീസ് ഇവരുടെ പിന്നാലെ പോയി. യുവാക്കൾ ആശുപത്രിയിൽ കയറിയ ശേഷം പൊലീസ് തിരിച്ചു പോന്നു. കുറച്ചു കഴിഞ്ഞു പൊലീസ് വീണ്ടും ചെന്നു നോക്കിയപ്പോൾ ഇവർ ഒപി ചീട്ട് എടുത്തിരുന്നില്ല. പൊലീസ് ഇവർ രണ്ടു പേരെക്കൊണ്ടും ഒപി ചീട്ട് എടുപ്പിച്ചു. തുടർന്നു ഡോക്ടർ പരിശോധിച്ചപ്പോൾ രണ്ടാൾക്കും പനിയില്ലെന്നു കണ്ടെത്തി. ഇതോടെ ഇവർക്കെതിരെ കേസെടുത്തു. ചീട്ട് എടുത്ത വകയിൽ രണ്ടാളുടെയും കയ്യിൽ നിന്നു രൂപയും പോയി. 

ബൈക്കിൽ സാധനം ഉണ്ടല്ലോ (വീട്ടിൽ നിന്ന് എടുത്തതാണേലും...)

പുറത്തിറങ്ങേണ്ട ഒരു ആവശ്യവുമില്ല, പക്ഷേ ദിവസവും ബൈക്കിൽ ടൗണിൽ എത്തി ഒന്നു കറങ്ങണം. പൊലീസ് പരിശോധനയെ മറികടക്കാൻ ഒരു വിരുതൻ കണ്ടുപിടിച്ച വഴി ദേ ഇങ്ങനെ: ദിവസവും വീട്ടിൽ നിന്ന് ഓരോ സാധനം ബൈക്കിൽ എടുത്തുവച്ചു വണ്ണപ്പുറം ടൗണിലേക്ക് ഇറങ്ങും. ആദ്യ ദിവസം അരിയുമായിട്ടായിരുന്നു വരവ്. പൊലീസ് ചോദിച്ചപ്പോൾ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണെന്നും ഇനി അപ്പുറത്തെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനുണ്ടെന്നും പറഞ്ഞു തടിയൂരി. അടുത്ത ദിവസം ഗ്യാസ് സിലിണ്ടറുമായിട്ടായിരുന്നു കറക്കം. ഇയാൾക്കു ഗ്യാസ് സിലിണ്ടർ എടുക്കാൻ ടൗണിലേക്കു വരേണ്ടതില്ല. വീട്ടിൽ നിന്നു ടൗണിലേക്കു വരുന്ന വഴിയിൽ തന്നെയാണ് ഗ്യാസ് ഏജൻസിയെന്നു പൊലീസിന് അറിയാമായിരുന്നു. 

ഇക്കാര്യം ചോദിച്ചപ്പോൾ കടയിൽ നിന്നു സാധനം വാങ്ങാനുണ്ടെന്നായിരുന്നു മറുപടി. മൂന്നാം ദിവസം ചെറിയ ഒരു കൂടിനുള്ളിൽ കുറച്ച് കൊപ്രയുമായാണ് കക്ഷി എത്തിയത്. ചോദിച്ചപ്പോൾ ഇതു കടയിൽ കൊടുത്ത് എണ്ണ വാങ്ങാൻ ഇറങ്ങിയതെന്നായിരുന്നു മറുപടി. സംഗതി കള്ളമാണെന്നു തെളിഞ്ഞതോടെ കാളിയാർ പൊലീസ് യുവാവിന്റെ പേരിൽ കേസെടുത്തു. ഇയാളുടെ വീടിനടുത്തു തന്നെ അവശ്യ സാധനങ്ങളെല്ലാം ലഭ്യമാണെന്നും ടൗണിലേക്കു വരേണ്ട യാതൊരു ആവശ്യവുമില്ലെന്നും പൊലീസ് പറയുന്നു.  

കൊറോണക്കാലത്തെ ‘മരുന്നു’വാങ്ങൽ

വണ്ടിപ്പെരിയാർ നെല്ലിമലക്കവലയിൽ നിന്നു 12 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചാണ് 2 യുവാക്കൾ കുമളിയിൽ എത്തിയത്. ദേശീയപാതയിൽ പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസിന്റെ മുന്നിലാണ് ഇവർ അകപ്പെട്ടത്. എവിടെ പോകുന്നു എന്ന പൊലീസിന്റെ ചോദ്യത്തിന് മരുന്നു വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി. പൊലീസിനെ കബളിപ്പിച്ച് റോസാപ്പൂക്കണ്ടം ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്നയാളുടെ അടുക്കലേക്കായിരുന്നു ഇവരുടെ യാത്ര.

റോസാപ്പൂക്കണ്ടത്ത് എത്തിയപ്പോൾ നാട്ടുകാരായ ചില യുവാക്കളുടെ മുന്നിൽ ഇവർ അകപ്പെട്ടു. അപരിചിതരായ 2 പേരെ കണ്ടതോടെ സംശയം തോന്നിയ യുവാക്കൾ കുമളി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവരെ പൊക്കിയതോടെയാണ് കള്ളി വെളിച്ചത്തായത്. കഞ്ചാവ് വാങ്ങാനാണ് എത്തിയതെന്ന് വ്യക്തമായെങ്കിലും തൊണ്ടി കൈവശം ഇല്ലാത്തതിനാൽ നിയമം ലംഘിച്ചു റോഡിലിറങ്ങിയതിന്റെ പേരിൽ പൊലീസ് കേസ് ചാർജ് ചെയ്ത് ഇവരെ വിട്ടയച്ചു.

കാർഡ് ഇടാതെ തന്നെ എടിഎമ്മിൽ കാഷ് കിട്ടിയാലോ ?

ബൈക്കിൽ കറങ്ങിനടന്ന രണ്ടു യുവാക്കളെ അറക്കുളം അശോക കവലയിൽ വച്ച പൊലീസ് കൈകാണിച്ചു നിർത്തിച്ചു. എങ്ങോട്ടു പോകുന്നെന്നു ചോദിച്ചപ്പോൾ എടിഎമ്മിൽ നിന്നു പണം എടുക്കാൻ ഇറങ്ങിയതെന്നായിരുന്നു മറുപടി. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ എടിഎം കാർഡ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കള്ളത്തരം പൊളിഞ്ഞു. വിരുതന്മാർ കാർഡ് എടുക്കാൻ വിട്ടുപോയിരുന്നു. സംഭവത്തിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. 

ഈ അക്ഷയതൃതീയ കഴിഞ്ഞോ സാറേ ?!

ഇന്നലെ രാവിലെ മുട്ടം ടൗണിൽ ബൈക്കിൽ 2 ചെറുപ്പക്കാർ വരുന്നതു കണ്ടു പൊലീസ് കൈകാണിച്ചു. എങ്ങോട്ടു പോകുകയാണെന്നു ചോദിച്ചപ്പോൾ തൊടുപുഴയിലെ ജ്വല്ലറി തുറന്നിട്ടുണ്ടോ എന്നറിയാൻ ഇറങ്ങിയതാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ പൊലീസ് ലോക് ഡൗൺ ആയതിനാൽ ജ്വല്ലറി തുറക്കില്ലെന്ന് അറിയില്ലേ എന്നത് ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ തിരക്കിയതോടെ ഇവർ പരുങ്ങി. സ്വർണം വാങ്ങാനുള്ള പണവും മറ്റും ഇവരുടെ കൈവശം ഉണ്ടായിരുന്നുമില്ല. വെറുതേ ബൈക്കിൽ കറങ്ങാൻ ഇറങ്ങിയതാണെന്നു ബോധ്യപ്പെട്ടതോടെ മുട്ടം പൊലീസ് ഇവർക്കെതിരെ കേസെടുത്തു. 

വല്യമ്മയോട് ഒരു വാക്ക് പറയാരുന്നില്ലേ മോനേ...

‘വല്യമ്മയ്ക്കു മരുന്ന് വാങ്ങാൻ’ എന്നു പറഞ്ഞാണ് 2 പേർ ഓട്ടോറിക്ഷയിൽ കട്ടപ്പനയിലേക്ക് എത്തിയത്. ടൗണിലേക്ക് പ്രവേശിക്കുന്നതിനു മുൻപു പൊലീസ് പരിശോധന നടത്തിയപ്പോഴും ഇക്കാര്യം ആവർത്തിച്ചു. മരുന്ന് വാങ്ങാൻ ഒരാൾ എത്തിയാൽ പോരേയെന്ന് ചോദിച്ചപ്പോൾ മിണ്ടാട്ടം മുട്ടി. അതോടെ പൊലീസ് ഓഫിസർക്കു സംശയമായി. വല്യമ്മയുടെ നമ്പർ വാങ്ങി വിളിച്ചു നോക്കി. മരുന്നു വാങ്ങാൻ പുറപ്പെട്ടയാളെക്കുറിച്ചു ചോദിച്ചു. ‘അയ്യോ സാറേ... മരുന്നൊന്നും വാങ്ങാനില്ല. അവൻ വണ്ടിയുമെടുത്തു പുറത്തേക്കു പോകുന്നതു കണ്ടു’– മറുപടി വേഗത്തിൽ കിട്ടി. പിന്നാലെ കൊച്ചുമകന് പൊലീസിന്റെ വക ഒരു കേസും.

ഫ്രീക്കൻ വലയിൽ

കട്ടപ്പന സ്‌കൂൾ കവലയിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടക്കുകയാണ്. ബൈക്കിൽ കുതിച്ചെത്തിയ ഫ്രീക്കൻ  ബ്രേക്കിട്ടു. എങ്ങോട്ടാണെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. അച്ഛനു മരുന്നു വാങ്ങാൻ പോകുകയാണെന്നു മറുപടി. ചീട്ട് വാങ്ങി പരിശോധിച്ചപ്പോൾ വൈറ്റമിൻ ഗുളികകളാണ്. അച്ഛന്റെ ഫോൺ നമ്പരിൽ വിളിച്ചു. ഫോണെടുത്ത അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചു 'സാറേ അവൻ മരുന്ന് വാങ്ങാനൊന്നും പോന്നതല്ല. കൂട്ടുകാർക്കൊപ്പം ചുറ്റാനാണ്. ആ ബൈക്ക് എങ്ങനെയെങ്കിലും ഒന്നു പിടിച്ചുവയ്ക്കാമോ!!!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com