ADVERTISEMENT

രാജകുമാരി ∙ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരള –തമിഴ്നാട് അതിർത്തിയിലെ കാട്ടു പാതകൾ ഇരു സംസ്ഥാനങ്ങൾക്കും തലവേദന ആകുന്നു. കഴിഞ്ഞ ദിവസം പേത്തൊട്ടിയിൽ നിന്നും ദളം, ഞണ്ടാർമെട്ട് വഴി കാൽനടയായി തമിഴ്നാട്ടിലെ രാശിങ്കാപുരത്തേക്കു പോയ തൊഴിലാളി സംഘം കാട്ടു തീയിൽ പെട്ട് 3 വയസ്സുള്ള പെൺകു​ഞ്ഞടക്കം 4 പേർ മരിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ ബോഡിനായ്ക്കന്നൂർ വഴിയുള്ള ഗതാഗതം നിരോധിച്ചതോടെയാണ് ശാന്തൻപാറ പേത്തൊട്ടിയിലെ ഏലത്തോട്ടത്തിൽ ജോലിക്ക് വന്ന സംഘം കാൽനടയായി കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്ക് പോകാൻ ശ്രമിച്ചത്.

തീർത്തും അപകടകരമായ ദുർഘട പാതയാണിത്. 10 കിലോമീറ്ററോളം കൊടും വനവും പുൽമേടും ആണ്. പുലിയും കാട്ടാനയും ഉൾപ്പെടെ വന്യ മൃഗങ്ങൾ ഉള്ള കാട്ടിലൂടെ ഇവർ നടന്നു പോയത് മറ്റൊരു ദുരന്ത മുഖത്തേക്ക്. അതിർത്തി മേഖലയിലെ കാട്ടു പാതകളിൽ പരിശോധന കർശനമാക്കണമെന്ന് കഴിഞ്ഞ ദിവസം ബോഡിമെട്ട് ചെക്പോസ്റ്റിലെത്തിയ മന്ത്രി എം.എം.മണി  ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. കേരള തമിഴ്നാട് അതിർത്തിയിൽ 10 കാട്ടു പാതകളുണ്ട്. ബോഡിനായ്ക്കന്നൂർ കുരങ്ങിണി, കൊളുക്കുമല വഴി ചിന്നക്കനാലിലേക്ക് നടന്നു പോകുന്ന കാട്ടുപാതയാണ് ഏറ്റവും ദൈർഘ്യം കൂടിയത്.

20 കിലോമീറ്റർ ദൂരം ഉണ്ട്. 2018 മാർച്ച് 11 ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ട്രക്കിങ് സംഘം ഇതു വഴി കൊളുക്കുമലയിലേക്ക് നടന്നു വരുമ്പോൾ കുരങ്ങിണിയിൽ  കാട്ടു തീയിൽപ്പെട്ട് 23 പേരാണ് മരിച്ചത്. ഇൗ സംഭവത്തിനു ശേഷം തമിഴ്നാട് വനം വകുപ്പ് കുരങ്ങിണിയിൽ ട്രക്കിങ് നിരോധിച്ചെകിലും ബോഡിമെട്ട് ചെക്പോസ്റ്റ് ഒഴിവാക്കി നായാട്ടുകാരും ലഹരി കടത്തു കാരും ഇൗ കാട്ടു പാതകളിൽ കൂടി ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്.

കുരങ്ങിണി വന മേഖലയിൽ കാട്ടുപോത്തിനെ വെടി വച്ച നായാട്ടു സംഘത്തിലെ ഒരാൾ കാട്ടുപോത്തിന്റെ പ്രത്യാക്രമണത്തിൽ മരിച്ചത് ഒരു മാസം മുൻപാണ്. പൂപ്പാറ ബോഡിനായ്ക്കന്നൂർ ചുരം പാത തെളിയും മുൻപ് ഇരു സംസ്ഥാനത്തെയും കന്നുകാലി വ്യാപാരികൾ കാലികളെ നടത്തി കൊണ്ടു പോയിരുന്ന പ്രധാന കുറുക്കു വഴിയാണ് ചതുരംഗപ്പാറ പതിനെട്ടാംപടി വഴി തേവാരത്ത് എത്തുന്ന കാട്ടു പാത.

ഒരു കാലത്ത് നികുതി ഒഴിവാക്കി തമിഴ്നാട്ടിലേക്ക് ഏലം തലച്ചുമടായി കൊണ്ടുപോയിരുന്നതും ഇതുവഴി. ഏലത്തിന് നികുതി ഒഴിവാക്കിയതോടെയാണ് 8 കിലോമീറ്ററിൽ അധികം ദൂരമുള്ള  കാട്ടുപാതയിൽ ആളനക്കമില്ലാതായത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇൗ വഴിയിൽ കൂടിയുള്ള കാൽനട യാത്ര തടയാൻ ഇരു സംസ്ഥാനത്തെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. നെടുങ്കണ്ടം കോമ്പയാർ മാൻകുത്തി മേടിൽ നിന്നും തേവാരത്ത് എത്തുന്ന മറ്റൊരു കാട്ടുപാതയും ഉണ്ട്.

ഇൗ വഴിയിൽ കൂടി 3 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ എത്താം. രാമക്കൽമേട്, കമ്പംമെട്ട് എന്നിവിടങ്ങളിൽ നിന്നും നിരവധി കുറുക്കു വഴികൾ തമിഴ്നാട്ടിലേക്കുണ്ട്. പലപ്പോഴും ചെക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കി കള്ളക്കടത്ത് നടത്താനുള്ള വഴികളാണ് ഇതെല്ലാം. എങ്കിലും വനം വകുപ്പും പൊലീസും ജാഗ്രത പാലിക്കുന്നതിനാൽ  കള്ളക്കടത്തും ലഹരി കടത്തും ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com