ADVERTISEMENT

കട്ടപ്പന ∙ വർഷം മുഴുവൻ കാത്തിരുന്നു ലഭിക്കുന്ന വിളവിന് തുച്ഛമായ വില മാത്രമാണ് ഉള്ളതെങ്കിലും ലോക് ഡൗൺ മൂലം അതുപോലും കിട്ടാതെ  ബുദ്ധിമുട്ടുകയാണ് കാപ്പി കർഷകർ. റോബസ്റ്റ, മേട്ടുകാപ്പി, അറബി എന്നീ ഇനങ്ങളാണ് ഹൈറേഞ്ചിൽ കൃഷി ചെയ്യുന്നത്. ആദ്യം വിളവെടുപ്പ് നടന്ന അറബി കാപ്പിക്കുരു ഭൂരിഭാഗവും വിപണിയിൽ എത്തിയതായാണ് വിലയിരുത്തൽ. അറബി കാപ്പിക്കുരു തൊണ്ടോടു കൂടിയതിന് 78 രൂപയും പരിപ്പിന് 135 രൂപയുമായിരുന്നു വില.

  സ്ട്രോബറി
സ്ട്രോബറി

എന്നാൽ മറ്റ് രണ്ട് ഇനങ്ങൾക്കും വില കുറവായിരുന്നെന്നു മാത്രമല്ല കാര്യമായ തോതിൽ വിറ്റഴിക്കാൻ കർഷകർക്കു സാധിച്ചുമില്ല.റോബസ്റ്റ കാപ്പി തൊണ്ടോടു കൂടിയതിന് 68 രൂപയും പരിപ്പിന് 116 രൂപയുമായിരുന്നു വില. മേട്ടുകാപ്പി തൊണ്ടോടു കൂടിയതിന് 53 രൂപയും പരിപ്പിന് 125 രൂപയുമാണ് കർഷകനു ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ റോബസ്റ്റ പരിപ്പിന് 116 രൂപയും തൊണ്ടോടു കൂടിയതിന് 68 രൂപയും മേട്ടുകാപ്പി പരിപ്പിന് 130 രൂപയും തൊണ്ടോടു കൂടിയതിനു 56 രൂപയുമായിരുന്നു വില.

കരുതിവച്ചവർക്ക് ദുരിതം

അൽപം കൂടി മെച്ചപ്പെട്ട വില പ്രതീക്ഷിച്ചാണ് പലരും ഉൽപന്നം സൂക്ഷിച്ചു വച്ചത്. വിവിധ കാരണങ്ങളാൽ വിളവെടുക്കാൻ താമസിച്ചവർ കാപ്പിക്കുരു ഉണങ്ങിയെടുത്തപ്പോഴേയ്ക്കും ലോക് ‍ഡൗൺ നിലവിൽ വന്നു.. ഉൽപന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാൻ കഴിയാതെ കെട്ടിക്കിടക്കുന്നതിനാൽ കച്ചവടക്കാർക്കും ബുദ്ധിമുട്ടായി. മില്ലുകൾ നിയന്ത്രിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കാപ്പിപ്പൊടി വാങ്ങാൻ ആളില്ലാത്തതിനാൽ കാപ്പിക്കുരു വാങ്ങാൻ മില്ലുടമകളും തയാറാകുന്നില്ല. കാപ്പിക്കുരു എത്തിച്ചാൽ കുത്തിയോ പൊടിച്ചോ നൽകുക മാത്രമാണ് ചെയ്യുന്നത്.

ജില്ലയിൽ കാപ്പി കൃഷി ചെയ്യുന്ന 150 ഓളം വൻകിട എസ്റ്റേറ്റുകളും ഇരുപതിനായിരത്തോളം ചെറുകിട കർഷകരുമാണുള്ളത്. ഒറ്റത്തവണ ലഭിക്കുന്ന വിളവിനെ ആശ്രയിച്ചു കഴിയുന്ന ഇവരുടെ ദുരിതത്തിന് വർഷങ്ങളായി മാറ്റം ഉണ്ടാകുന്നില്ല. ദിവസം 600 രൂപയിൽ അധികം കൂലി നൽകിയെങ്കിൽ മാത്രമേ കാപ്പിക്കുരു വിളവെടുപ്പിന്  തൊഴിലാളികളെ ലഭിക്കുകയുള്ളൂ. എല്ലാ സമയത്തും പണി ഇല്ലാത്തതിനാൽ ചെറുകിട കർഷകരുടെ തോട്ടങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികളെ കിട്ടാനും  ബുദ്ധിമുട്ടാണ്. അവർ എത്തിയാലും ഉൽപന്നത്തിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ കർഷകർക്ക് നഷ്ടം മാത്രമാണു മിച്ചം. അതിനാൽ സ്വന്തമായി വിളവെടുക്കുന്ന കർഷകരും ഉണ്ട്. വിളവെടുപ്പ് വൈകിയാൽ കാപ്പിക്കുരു പഴുത്ത് പക്ഷികൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുമ്പോൾ കർഷകർ നിസ്സഹായരാണ്.

ആവശ്യക്കാരില്ലാതെ സ്ട്രോബറി 

ടൂറിസത്തെ വിശ്വസിച്ച് കൃഷി ഇറക്കിയ മൂന്നാറിലെയും വട്ടവടയിലെയും സ്ട്രോബറി കർഷകർ വൻ പ്രതിസന്ധിയിൽ.  വിളവെടുക്കാൻ പാകമായ പഴങ്ങൾ  വെറുതേ നൽകേണ്ട അവസ്ഥയിൽ ആണ് .          വട്ടവടയിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ ഏകദേശം 20 ഹെക്ടറിൽ നാലു മാസം മുൻപ് മുന്തിയ ഇനം സ്ട്രോബറി കൃഷി ആരംഭിച്ചത്.  അവയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോൾ.  ഫാം ടൂറിസം പച്ചപിടിച്ച വട്ടവടയിൽ സന്ദർശകർ ആയിരുന്നു പ്രധാന ഉപഭോക്താക്കൾ. 

കിലോയ്ക്ക് 350 മുതൽ 400 രൂപ വരെ കർഷകർക്ക് വില ലഭിച്ചതോടെ ആണ് കൃഷി കൂടുതൽ വ്യാപിച്ചത്.    എന്നാൽ വിളവെടുപ്പ് സമയത്ത് ഉണ്ടായ പ്രതിസന്ധി കർഷകരുടെ മുഴുവൻ മുഴുവൻ പ്രതീക്ഷകളും തകർത്തു.  ചില കർഷകർ ജാമും വൈനും പോലുള്ള ഉപ ഉൽപന്നങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിഭാഗം കർഷകരും പഴങ്ങൾ വെറുതേ നൽകുകയാണ്. മൂന്നാർ തോട്ടം മേഖലയിലും സ്ട്രോബറി കൃഷി ചെയ്തിരുന്ന തൊഴിലാളികൾക്കും നിരത്താൻ നഷ്ടക്കണക്ക് മാത്രം. ടൂറിസം നിലച്ചതോടെ അവരുടെ അധ്വാനവും പാഴായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com