ADVERTISEMENT

നെടുങ്കണ്ടം ∙ ലോക്ഡൗൺ ദിനത്തിൽ പലചരക്കു കടയിലേക്കു പോയ പ്ലസ് ടു വിദ്യാർഥിയെ കമ്പംമെട്ട് സിഐ മർദിച്ചതായി പരാതി. ലാത്തി കൊണ്ടുള്ള അടിയേറ്റ് വിദ്യാർഥിയുടെ ഇടതു കൈപ്പത്തിക്ക് പൊട്ടലുണ്ടായി. ശരീരമാസകലം പരുക്കു പറ്റിയ തേഡ്ക്യാംപ് മേച്ചേരാത്ത് ജിബിനെ (17) നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൈക്ക് പ്ലാസ്റ്ററിട്ടു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജോസിന്റെ മകനാണ് ജിബിൻ. 

ഇന്നലെ രാവിലെ 11.30 ന് ബാലഗ്രാമിനു സമീപം തേഡ് ക്യാംപിലായിരുന്നു സംഭവം.   മുഖാവരണം ധരിച്ച്, കാൽനടയായി പോകുമ്പോൾ ഇതുവഴി എത്തിയ കമ്പംമെട്ട് സിഐ: ജി. സുനിൽകുമാറും സംഘവും തന്നെ തടഞ്ഞുനിർത്തിയതായി ജിബിൻ പറഞ്ഞു. കടയിലേക്കു പോകുകയാണ് എന്നു പറഞ്ഞ് സാധനങ്ങളുടെ പട്ടികയും പണവും സിഐയെ കാണിച്ചപ്പോൾ കള്ളം പറയുകയാണെന്നു പറഞ്ഞ്, ലാത്തി കൊണ്ട് തുടയിൽ അടിച്ചു. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ 2 കൈകളിലും ഇടത്തെ കാലിന്റെ മുട്ടിനു താഴെയും സിഐ വീണ്ടും അടിച്ചുവെന്നാണ് പരാതി.

ഇതിനു ശേഷം അസഭ്യം പറഞ്ഞ് ഓടിച്ചു. അടിയിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണും തകർന്നു. നെടുങ്കണ്ടത്തു നിന്ന് പിതാവ് ജോസ് എത്തിയാണ് ജിബിനെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറുടെ പരിശോധനയിൽ ഇടതു കൈപ്പത്തിക്ക് പൊട്ടലുണ്ടെന്നു കണ്ടെത്തി.  സിഐ മർദിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് ജിബിൻ പറഞ്ഞു. 

അതേസമയം, പുതിയ കള്ളുഷാപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പംമെട്ട് സ്റ്റേഷൻ പരിധിയിൽ നാട്ടുകാരുടെ പരാതി ലഭിച്ചിരുന്നുവെന്നും ഷാപ്പ് പ്രവർത്തിക്കുന്നത് ജിബിന്റെ അച്ഛൻ പാട്ടത്തിനു നൽകിയ സ്ഥലത്താണെന്നും കമ്പംമെട്ട് സിഐ സുനിൽകുമാർ പറഞ്ഞു. ഇതിൽ അന്വേഷണം നടക്കുന്നതിനാൽ, കേസിൽ കുടുക്കാനാണു ശ്രമമെന്ന് സിഐ പറയുന്നു.  ഇന്നലെ ജിബിൻ നടന്നു പോയപ്പോൾ എവിടെ പോയി എന്നു മാത്രമാണ് ചോദിച്ചത്. 2000 രൂപയുടെ ചില്ലറ മാറാൻ ഇറങ്ങിയതാണെന്നായിരുന്നു മറുപടി. തുടർന്ന് മാറി നിന്ന ജിബിൻ അസഭ്യം പറഞ്ഞ ശേഷം ഓടി. മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിഐ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com