ADVERTISEMENT

തൊടുപുഴ ∙ ഇനി പൊലീസുകാരുടെയും മറ്റ് അധികാരികളുടെയും കണ്ണു വെട്ടിച്ച് പ്രധാന റോഡിൽ നിന്നു മാറി ഇടവഴികളിലും സമീപപ്രദേശങ്ങളിലും കൂട്ടം കൂടിയാൽ പൊലീസിന്റെ പിടി വീഴും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ഡൗൺ നിർദേശം ലംഘിച്ച് നഗരത്തിൽ കൂട്ടം കൂടുന്നവരെ കണ്ടെത്താൻ പൊലീസ് ഹെലിക്യാം  ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് നഗരത്തിൽ ഹെലിക്യാം  ഉപയോഗിച്ചുള്ള പരിശോധനയ്ക്കു തുടക്കം കുറിച്ചു. ഹെലിക്യാമിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച്, അപ്പോൾ തന്നെ കൂട്ടം കൂടി നിൽക്കുന്നവരുടെ അടുക്കൽ പൊലീസ് എത്തും. ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. അതുപോലെ തക്കതായ കാരണം ഇല്ലാതെ വാഹനവുമായി നിരത്തിൽ ഇറങ്ങുന്നവർക്ക് നേരെയും നടപടി ശക്തമാക്കും.  

നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രധാന റോഡിലും നഗരസഭാ റോഡുകളിലും ഉൾപ്പെടെ പൊലീസ് പട്രോളിങ് ശക്തമായി നടത്തുന്നുണ്ട്. എന്നാൽ പൊലീസിനെ കബളിപ്പിച്ച് ഇവരുടെ ശ്രദ്ധ പതിയാത്ത കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹെലിക്യാം ഉപയോഗിച്ച് ആകാശ വീക്ഷണം നടത്തി ഇത്തരം നിയമ ലംഘനം നടത്തുന്നവരെ പിടികൂടാൻ നീക്കം ആരംഭിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളും മറ്റും താമസിക്കുന്ന ഭാഗങ്ങളിലും ചില കോളനികളിലും മറ്റുമാണ് സാമൂഹിക അകലം പാലിക്കാൻ കൂട്ടാക്കാതെ കൂടുതൽ പേർ കൂട്ടം കൂടുന്നത്.     

ഇതു വൈറസ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ളതിനാലാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഹെലിക്യാം ഉപയോഗിച്ച് പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലീസ് പറഞ്ഞു. എസ്ഐ എം.പി.സാഗറിന്റെ നേതൃത്വത്തിലാണ് ഹെലിക്യാം പരിശോധനയും തുടർ നടപടികളും നടത്തുന്നത്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com