ADVERTISEMENT

നെടുങ്കണ്ടം ∙ സമീപകാല ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രമായി നെടുങ്കണ്ടവും തൂക്കുപാലവും. 2 മാസത്തിനിടെ നെടുങ്കണ്ടം മേഖലയിൽ 13  ഭൂചലനങ്ങൾ; ഭൂമിക്കടിയിൽ നിന്നു പ്രകമ്പനവും. 2018, 2019 വർഷത്തെ പ്രളയ കാലത്ത് മേഖലയിൽ ഉരുൾപൊട്ടലും ജീവഹാനിയും ഉണ്ടായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെടുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ബുധൻ പുലർച്ചെ ഉണ്ടായ ഭൂചലനത്തിൽ മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശവും കുലുങ്ങിയിരുന്നു. ഇതും ആശങ്കയുയർത്തി.

ഭൂചലനമുണ്ടായതു നെടുങ്കണ്ടം മേഖലയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നു 2 കിലോമീറ്റർ താഴെയെന്നാണ് കണ്ടെത്തൽ. ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രമായ ചോറ്റുപാറയിൽ നാഷനൽ സീസ്മോളജി സെന്ററിലെ വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം ഇടുക്കി ഡാം റിസർവോയർ, ആലടി, ചോറ്റുപാറ എന്നീ പോയിന്റുകളിൽ ഡിജിറ്റൽ സീസ്മോഗ്രാഫ് സ്ഥാപിച്ചിരുന്നു. 3 മാസം വരെ നിരീക്ഷണം തുടർന്ന ശേഷം തുടർപഠനം ആവശ്യമെങ്കിൽ മൈക്രോ സീസ്മിക് ഡിറ്റക്‌ഷൻ സ്റ്റഡി നടത്തും. 

ഭയക്കേണ്ട സാഹചര്യമില്ല

ജില്ലയിലെ ചെറു ഭൂചലനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സമീപ കാല ചലനങ്ങളെക്കുറിച്ച് നാഷനൽ സീസ്‌മോളജി സെന്റർ പൈലറ്റ് സ്റ്റഡി നടത്തുന്നുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് വിദഗ്ധൻ ജി.എസ്.പ്രദീപ് മനോരമയോട് പറഞ്ഞു. 

അപായ സൂചന സൈറണിന്റെ (ഏർലി വാണിങ് സിസ്റ്റം) അവശേഷിക്കുന്ന ഭാഗം
അപായ സൂചന സൈറണിന്റെ (ഏർലി വാണിങ് സിസ്റ്റം) അവശേഷിക്കുന്ന ഭാഗം

അപായ സൂചനാ സൈറൺ പ്രവർത്തന രഹിതം

പീരുമേട് ∙ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പെരിയാർ തീരദേശവാസികൾക്കു മുന്നറിയിപ്പ് നിർദേശം നൽകാനുളള അപായ സൂചനാ സൈറൺ (ഏർലി വാണിങ് സിസ്റ്റം) പ്രവർത്തന രഹിതം. മഞ്ചുമല, ഉപ്പുതറ, അയ്യപ്പൻകോവിൽ, വള്ളക്കടവ്, 66–ാം മൈൽ, വണ്ടിപ്പെരിയാർ എന്നിങ്ങനെ 6 കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് അപായ സൂചനാ സംവിധാനം സ്ഥാപിച്ചിരുന്നത്. 5 കിലോമീറ്റർ ആകാശദൂരം മുൻകരുതൽ സന്ദേശം കൈമാറുന്നതിനു സംവിധാനം ഉണ്ടായിരുന്നു.

അണക്കെട്ടിൽ നിന്നു വെള്ളം തുറന്നു വിടുന്നത് ഉൾപ്പെടെ ഭരണകൂടം അടിയന്തര ഘട്ടങ്ങളിൽ നടപടികൾ സ്വീകരിക്കുമ്പോൾ അപായ സൂചനാ സൈറൺ മുഴങ്ങും. ശബ്ദം കേട്ടാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറുവാൻ ജനങ്ങൾക്ക് സമയം നൽകുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം.2009ൽ ആണ് സംവിധാനം സ്ഥാപിച്ചത്. എന്നാൽ മാസങ്ങൾക്കകം ആന്റിന നിലം പൊത്തി. ഇതോടെ ഇതിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com