ADVERTISEMENT

തൊടുപുഴ ∙ മഴക്കാലം ആരംഭിച്ചതോടെ കാണികളുടെ മനം കവരുന്ന ദൃശ്യവിരുന്നായി ആനയാടി കുത്ത് വെള്ളച്ചാട്ടം. ലോക്ഡൗൺ ഇളവിനെത്തുടർന്നു സഞ്ചാരികൾ കൂടുതൽ എത്തിച്ചേരുന്നതോടെ ആനയാടി കുത്ത് വീണ്ടും സജീവമാകും എന്ന പ്രതീക്ഷയിലാണു നാട്ടുകാർ. പല തട്ടുകളായി വെള്ളം പാറയുടെ മുകൾതട്ടിൽ നിന്ന് ഒഴുകിയിറങ്ങുന്ന കാഴ്ച മനം കവരുന്നതാണ്. തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ആനയാടി കുത്ത്.

വർഷങ്ങൾക്കു മുൻപ് ഉൾക്കാടുകളിൽ നിന്ന് ആനക്കൂട്ടങ്ങൾ വേനൽക്കാലത്ത് വെള്ളം കുടിക്കാനായി ഈ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള നിരന്ന പാറയിൽ എത്തുമായിരുന്നെന്നു പഴമക്കാർ പറയുന്നു. ഒരിക്കൽ രണ്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുകയും അതിലൊന്ന് വെള്ളച്ചാട്ടത്തിൽ വീണു ചത്തതോടെയാണ് ആനയാടി കുത്ത് എന്ന പേരു വന്നതെന്നാണ് ഐതിഹ്യം. കമ്പകക്കാനം, നെയ്കുത്തനാൽ എന്നീ സ്ഥലങ്ങളിലൂടെ ഒഴുകിയെത്തുന്ന തോടിന്റെ താഴെയുള്ള വെള്ളച്ചാട്ടം ആണിത്.

വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കൂടി ജനങ്ങൾക്ക്  നടക്കാൻ കോൺക്രീറ്റ് പാലമുണ്ട്. വെള്ളച്ചാട്ടത്തിനു സമീപത്തായി കുരങ്ങുകളും പല തരം പക്ഷികളുമുണ്ട്. മനോഹരമായ പാറക്കൂട്ടങ്ങളും നീണ്ടുനിവർന്നു കിടക്കുന്ന പാറകളും കൗതുകമുണർത്തുന്ന കാഴ്ചയാണ്. വെള്ളച്ചാട്ടത്തിൽ പല വർണത്തിലുള്ള മത്സ്യങ്ങളും ഉണ്ട്. കുളിർമയേകുന്ന കാഴ്ചകൾക്കൊപ്പം അപകടം നിറഞ്ഞ ഭാഗങ്ങളും ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com