sections
MORE

ഇടുക്കിയിൽ വീണ്ടും കോവിഡ്

idukki news
SHARE

കട്ടപ്പന ∙ ഡൽഹിയിൽ നിന്ന് കാൽവരി മൗണ്ടിലെ ഭർതൃഗൃഹത്തിൽ എത്തിയ പൂർണ ഗർഭിണിയായ മുപ്പതുകാരിക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നഴ്സ് ആയിരുന്ന ഇവർ ഭർത്താവിനും ഭർതൃമാതാവിനും ഒപ്പം 20നാണ് ട്രെയിനിൽ മാർഗം നാട്ടിലേക്കു പുറപ്പെട്ടത്. 22ന് എറണാകുളത്ത് വരികയും പ്രത്യേക വാഹനത്തിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ടിൽ എത്തി ക്വാറന്റീനിൽ കഴിയുകയുമായിരുന്നു.

ഭർതൃപിതാവിനെ ബന്ധുവീട്ടിലേക്കു മാറ്റിയശേഷമാണ് മൂവരും ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്.ഡൽഹിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് ഇല്ലായിരുന്നു. 14ന് പ്രസവത്തീയതി നിശ്ചയിച്ചിരിക്കുന്ന ഇവർക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പൈനാവിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവിന്റെയും 56 വയസ്സുള്ള ഭർതൃമാതാവിന്റെയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.ഇവരുമായി ഇടപഴകിയതായി സംശയിക്കുന്നതിനാൽ ഭർതൃപിതാവിനെയും നിരീക്ഷണത്തിലാക്കി. ഇദ്ദേഹം താമസിച്ചിരുന്ന സഹോദരന്റെ വീട്ടിൽ ഉള്ളവരോടും ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു. സഹോദരൻ നടത്തിയിരുന്ന പച്ചക്കറി-പലചരക്ക് കട ആരോഗ്യ വകുപ്പ് അധികൃതർ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു.

സ്രവപരിശോധന യുവതിയുടെ നിർബന്ധത്തെത്തുടർന്ന്

കാൽവരി മൗണ്ടിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് സ്രവ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കിയില്ലെന്ന് ആരോപണം. ഇടുക്കി മെഡിക്കൽ കോളജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും അറിയിച്ചിട്ടും സ്രവ പരിശോധനയ്ക്ക് അധികൃതർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. ആംബുലൻസ് പോലും നൽകാൻ തയാറായില്ല. കലക്ടറെ ബന്ധപ്പെട്ടതോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും സ്രവ പരിശോധന നടത്താനും തയാറായത്.യുവതിക്ക് രോഗം സ്ഥിരീകരിച്ചശേഷം ഇന്നലെയാണ് തന്റെയും മാതാവിന്റെയും സ്രവം പരിശോധനയ്ക്ക് എടുത്തതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു.

എന്നാൽ സ്രവ പരിശോധനയ്ക്കായി ഗർഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ‘108’ ആംബുലൻസ് എത്തിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമാകാതെ വന്നതിനെത്തുടർന്നാണ് സ്വന്തമായി വാഹനം ഉണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശിച്ചതെന്ന് കാമാക്ഷിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെയാണ് ഇവർ ചികിത്സ തേടിയത്. ചികിത്സ ലഭ്യമാകാൻ താമസിച്ചപ്പോൾ വിളിച്ചിരുന്നു. വൈകാതെ ചികിത്സ ലഭ്യമായെന്നും ഇവർ പറഞ്ഞു.

   ഇടുക്കിയും കോവിഡും 

∙ ഇന്നലെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ– 1

∙ ആശുപത്രി നിരീക്ഷണത്തിൽ നിന്നു ഇന്നലെ ഒഴിവാക്കപ്പെട്ടവർ– 5

∙ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ – 8

∙ ഇന്നലെ ഹോം ക്വാറന്റീൻ നിർദേശിക്കപ്പെട്ടവർ– 180

∙ ഹോം ക്വാറന്റീനിൽ നിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവർ– 179

∙ ഹോം ക്വാറന്റീനിൽ കഴിയുന്നവർ ആകെ– 3133

∙ ഇന്നലെ പരിശോധനയ്ക്ക് അയച്ച സാംപിളുകൾ – 35

∙ ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ–312

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA