ADVERTISEMENT

തൊടുപുഴ ∙ സാധാരണയായി സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ പുതിയ അധ്യയന വർഷത്തേക്കു കുട്ടികൾക്കായി ബാഗും കുടയും ചെരിപ്പും നോട്ടുബുക്കുകളും യൂണിഫോമുമൊക്കെ വാങ്ങുന്ന തിരക്കിലായിരിക്കും മാതാപിതാക്കൾ. എന്നാൽ ഇത്തവണ മൊബൈൽ–കംപ്യൂട്ടർ ഷോപ്പുകളിലാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ സ്മാർട്ഫോണുകളുടെ വിൽപന കുതിച്ചുയർന്നു.

രണ്ടാഴ്ചയ്ക്കിടെ ലാപ്ടോപ്പിനും ആവശ്യക്കാർ ഏറെയായി. രണ്ടും മൂന്നും കുട്ടികൾ ഉള്ള ഒരു വീട്ടിലേക്കു തന്നെ 2 മൊബൈൽ ഫോണുകളൊക്കെയാണ് പലരും വാങ്ങുന്നത്. പഴയ ഫോൺ മാറ്റി പുതിയ സ്മാർട്ഫോൺ വാങ്ങാൻ എത്തുന്നവരും ഏറെ. ലോക്ഡൗണിനെത്തുടർന്നു പല കമ്പനികളുടെയും മൊബൈൽ ഫോണുകൾ ഇപ്പോൾ സ്റ്റോക്കില്ലെന്നു വിവിധ കടയുടമകൾ പറയുന്നു.

പതിനായിരത്തിൽ താഴെ വിലയുള്ള മൊബൈൽ ഫോണുകൾ തേടിയാണു കൂടുതൽ പേർ എത്തുന്നത്. എന്നാൽ പല കടകളിലും ഇതിൽ കൂടുതൽ വിലയുള്ള ഫോണുകളാണ് ഉള്ളത്. ഇന്നലെയും തൊടുപുഴ നഗരത്തിലെ മിക്ക മൊബൈൽ ഷോപ്പുകളിലും തിരക്ക് അനുഭവപ്പെട്ടു. സ്റ്റോക്ക് കുറവായതിനാൽ പലർക്കും ഇഷ്ടപ്പെട്ട മൊബൈൽ ഫോൺ വാങ്ങാൻ വിവിധ കടകൾ കയറിയിറങ്ങേണ്ടി വന്നു. 

കണക്‌ഷൻ എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി

നികുതി വർധനയെത്തുടർന്നു മൊബൈൽ ഫോണുകളുടെയും മറ്റും വിലയും കൂടിയിട്ടുണ്ട്. മൊബൈൽ ഫോൺ വിൽപന കൂടിയതോടെ, പുതിയ കണക്‌ഷൻ എടുക്കാൻ എത്തുന്നവരുടെ എണ്ണവും ഇരട്ടിയിലേറെയായി. മുൻപു ദിവസം ശരാശരി 7–8 സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്തിരുന്ന തൊടുപുഴ നഗരത്തിലെ ഒരു മൊബൈൽ ഷോപ്പിൽ ഇന്നലെ 30 സിം കാർഡുകളാണ് വിറ്റുപോയത്.

ഓൺലൈൻ ക്ലാസിനായി പലരും കൂടുതൽ ഡേറ്റ ലഭിക്കുന്ന പ്ലാനുകളാണ് ആക്ടിവേറ്റ് ചെയ്യുന്നത്. ഉപയോഗിച്ചു വന്നിരുന്ന സിമ്മിൽ ദിവസവും 1.5 ജിബി, 2 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനുകൾ റീചാർജ് ചെയ്യാൻ എത്തുന്നവരും ഏറെ.  സാധാരണ കുടുംബങ്ങളുടെ ബജറ്റിന്റെ താളം തെറ്റിക്കുകയാണ് ഈ ഹൈടെക് ചെലവുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com