ADVERTISEMENT

രാജകുമാരി ∙ ഫസ്റ്റ് ബെല്ലിന്റെ ആശയക്കുഴപ്പം ഒഴിഞ്ഞ് വിദ്യാർഥികൾ രണ്ടാം ദിവസത്തെ ഓൺലൈൻ പഠനവും പൂർത്തിയാക്കി. പുതിയ പാഠ്യ ബോധന പ്രക്രിയയിൽ വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകർക്കും പങ്കുണ്ട്.സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഇപ്പോഴും ക്ലാസ് ടീച്ചറും പ്രധാന അധ്യാപകനും ചെയ്തു തീർക്കണം.കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയോ മറ്റ് ഉപാധികളിലൂടെയോ ഓൺലൈൻ ക്ലാസിൽ എല്ലാ കുട്ടികളും പങ്കെടുത്തു എന്ന് ഉറപ്പാക്കേണ്ടത് ആണ് ആദ്യ ചുമതല.

സ്മാർട് ഫോൺ, ടിവി, ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഇന്നലെ വീണ്ടും എഇഒമാരോട് ആവശ്യപ്പെട്ടിരുന്നു.ഒരു സൗകര്യവും ലഭ്യമല്ലാത്തവർക്ക് എസ്എസ്കെ കോഓർഡിനേറ്റർമാർ മുൻകയ്യെടുത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം ഒരുക്കും എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വാട്സാപ് ഒരു ക്ലാസ് മുറി

ഓൺലൈൻ ക്ലാസുകളെക്കുറിച്ച് സർക്കാർ തലത്തിൽ ആലോചനകൾ നടക്കുമ്പോൾ തന്നെ മിക്ക സ്കൂളുകളിലും ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർ അഡ്മിൻ ആയ വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഇൗ ഗ്രൂപ്പുകൾ വിദ്യാർഥികൾക്ക് സംശയം ചോദിക്കാനും വർക്ക് ഷീറ്റുകൾ തയാറാക്കി പ്രദർശിപ്പിക്കുന്നതിനും ഉള്ള സങ്കേതം ആയി.

ഓൺലൈൻ ക്ലാസ് കഴിഞ്ഞ ശേഷം വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കേണ്ടത് ഇൗ ഗ്രൂപ്പിലെ അഡ്മിൻ കൂടിയായ അധ്യാപകനാണ്. സ്കൂളുകൾ തുറക്കാത്തതിനാൽ പാഠാസൂത്രണം (ലെസൺ പ്ലാൻ) തയാറാക്കുന്ന ജോലിയിൽ നിന്ന് അധ്യാപകർ തൽക്കാലം ഒഴിവായി എങ്കിലും വർക്ക് ഷീറ്റുകൾ തയാറാക്കി പ്രധാന അധ്യാപകനെ കാണിക്കേണ്ടത് അധ്യാപകരുടെ ജോലി ആണ്.

പാഠപുസ്തകം അന്വേഷിച്ച് രക്ഷിതാക്കൾ

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു എങ്കിലും പുതിയ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. രണ്ടു ദിവസമായി മിക്ക സ്കൂളുകളിലും പാഠപുസ്തകം അന്വേഷിച്ച് രക്ഷിതാക്കൾ എത്തുന്നുണ്ട്. പാഠപുസ്തകങ്ങൾ സൊസൈറ്റികളിൽ എത്തിച്ചു തുടങ്ങി എന്നും ഉടൻ തന്നെ സ്കൂളുകളിൽ ലഭ്യമാക്കും എന്നും ഡിഡിഇ ശശീന്ദ്ര വ്യാസ് പറഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇവ വാങ്ങാൻ കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല. രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നു പുസ്തകങ്ങൾ കൈപ്പറ്റാൻ അവസരം ഒരുക്കും.

കണ്ണിനും വേണം കരുതൽ

അര മണിക്കൂർ വരെ ആണ് ഓരോ ഓൺലൈൻ ക്ലാസുകളുടെയും സമയമെങ്കിലും കൂടുതൽ സമയം കുട്ടികൾ ടിവിയുടെ മുന്നിൽ ഇരിക്കുന്നതും സ്മാർട് ഫോൺ ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ദോഷമാണ്. കുട്ടികൾ ഇടവേളകളിൽ ടിവിയും സ്മാർട് ഫോണും ഉപയോഗിക്കുന്നില്ല എന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പു വരുത്തണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സ്കൂൾ തുറക്കുമ്പോൾ എങ്ങനെ?

ഇപ്പോൾ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഔപചാരികമാണോ എന്ന കാര്യത്തിൽ രക്ഷിതാക്കളെ പോലെ തന്നെ വിദ്യാർഥികൾക്കും സംശയം ഉണ്ട്. സ്കൂൾ തുറന്നാൽ ഇപ്പോൾ നടത്തിയ ഓൺലൈൻ ക്ലാസുകൾ വീണ്ടും അധ്യാപകർ പഠിപ്പിക്കുമോ എന്ന ആശയക്കുഴപ്പം ബാക്കിയാണ്. 

''ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാണെങ്കിലും ഔപചാരികം അല്ലെന്ന് തിരിച്ചറിയണം. എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നു എന്ന് എല്ലായ്പോഴും ഉറപ്പാക്കുന്നുണ്ട്. ഓൺലൈൻ ക്ലാസിനു ശേഷം ഉള്ള പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരിശീലനത്തിന് അവസരം ഒരുക്കിയാൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയും. – ജോയ് ആൻഡ്രൂസ്,പ്രധാനാധ്യാപകൻ,ജിയുപിഎസ്, പഴയവിടുതി.

''ഡിജിറ്റൽ ഉറവിടങ്ങൾ ആശ്രയിച്ചുള്ള ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനകരമാണ്. പുതിയ പഠന രീതികൾ പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ വിദ്യാർഥികളും ആസ്വദിക്കുന്നുണ്ട്. ടിവി, സ്മാർട് ഫോൺ, ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഇൗ സംവിധാനങ്ങൾ ഒരുക്കണം.  –മാത്‌സൺ ബേബി, അധ്യാപകൻ,എംബിവിഎച്ച്എസ്എസ്, സേനാപതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com